6 വർഷം മുൻപ് കരിങ്കൽക്കെട്ട് തകർന്ന് കിണറ്റിൽ മരിച്ചുജീവിച്ച സോമൻ നായർ ഇവിടെയുണ്ട്

Sunday 20 October 2019 5:30 AM IST

വിഴിഞ്ഞം: കഴിഞ്ഞ ദിവസം ചരമവാർത്തകളിൽ ഇടംനേടുകയും ഒരു ദിവസത്തേക്കെങ്കിലും 'പുനർജനി'ക്കുകയും ചെയ്ത കഴക്കൂട്ടം സ്വദേശി തുളസീധരൻ ചെട്ടിയാരുടെ കഥ കേട്ടപ്പോൾ കല്ലിയൂർ നിവാസികൾ മൂക്കത്ത് വിരൽവച്ചു,​ പിന്നീട് പൊട്ടിച്ചിരിച്ചു. 36 വർഷം മുൻപ് 'മരിച്ചു ജീവിച്ച' സോമൻ നായരുടെ കഥ പറഞ്ഞായിരുന്നു ആ ചിരി. 1983 ആഗസ്റ്റ് 12നായിരുന്നു സംഭവം. അന്ന് കേരളകൗമുദി വളരെ പ്രാധാന്യത്തേടെ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ 63 വയസായ കല്ലിയൂർ കുന്നത്തുവിള ആതിര ഭവനിൽ സോമൻനായരാകട്ടെ അന്നത്തെ സർക്കാരിന്റെ പാഴ് വാഗ്ദാനങ്ങളെ ഓർത്ത് വിതുമ്പി. ഒപ്പം അതിജീവനത്തിന്റെ കഥ പറഞ്ഞ് നെടുവീർപ്പെട്ടു.

സംഭവ ബഹുലമായ കഥ ഇങ്ങനെ

കല്ലിയൂർ ജംഗ്ഷനിലെ പഞ്ചായത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ സോമൻനായർ മുകളിലെ കരിങ്കൽക്കെട്ട് തകർന്ന് താഴേക്ക് പതിച്ചു. 50 അടി താഴ്ചയിൽ നിന്ന ആളുടെ പുറത്തേക്കു വീണത് ലോഡുകണക്കിന് കരിങ്കല്ലുകൾ! മരിച്ചതായി എല്ലാവരും വിധിയെഴുതി. പത്രങ്ങളിൽ വാർത്ത വന്നു. പരേതന്റെ കുടുംബത്തിന് അടിയന്തര സഹായമായി 5000 രൂപയും സർക്കാർ പ്രഖ്യാപിച്ചു. 'മരണം' സ്ഥിരീകരിച്ച് കിണർ മൂടാൻ ബന്ധപ്പെട്ടവർ ശ്രമിച്ചെങ്കിലും ജഡം പുറത്തെടുക്കണമെന്ന് സുഹൃത്തുക്കൾ ശഠിച്ചു. അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ,​ കിണറിനുള്ളിൽനിന്ന് ഒരു വിളി - 'വെള്ളം... വെള്ളം...' അത് നീണ്ട ഞരക്കമായി ആവർത്തിച്ചു. അപ്പോൾ 23 മണിക്കൂറുകൾ പിന്നിട്ടിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർക്കൊപ്പം ഫയർഫോഴ്സും എത്തി.

കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

'പരേതൻ' ജീവിച്ചിരിക്കുന്നതറിഞ്ഞ് ധനസഹായ വിതരണം മാറ്റിവച്ചു. പോസ്റ്റ്മോർട്ടം നടത്താൻ എത്തിയ ഡോ. അച്യുതക്കുറുപ്പ്,​ സോമൻ നായർക്ക് ട്യൂബിലൂടെ വെള്ളം നൽകി. കേട്ടവർ കേട്ടവർ രക്ഷാപ്രവർത്തനം കാണാൻ കല്ലിയൂരിലേക്ക് ഒഴുകിയെത്തി. അക്കാലത്ത് ഡോക്ടർ സ്ഥലത്തെത്തിയായിരുന്നു പോസ്റ്റുമോർട്ടം നടത്തിയിരുന്നത്.

മരണക്കിണറിൽ നിന്ന് പുതുജീവിതത്തിലേക്ക് തിരിച്ചുവന്ന സോമൻനായർക്ക് കല്ലിയൂർ പഞ്ചായത്തും രാഷ്ട്രീയ സംഘടനകളും സ്വീകരണം നൽകി. ധീരതയ്ക്കുള്ള അവാർഡിനും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നൽകാനും പഞ്ചായത്ത് സർക്കാരിന് കത്തെഴുതി. ഒടുവിൽ ഒരു പെട്ടിക്കടയ്ക്കുള്ള ലോൺ അനുവദിക്കാമെന്നു അധികാരികൾ സമ്മതിച്ചെങ്കിലും അതും ലഭിച്ചില്ല. വീഴ്ചയിലുണ്ടായ കടുത്ത ശാരീരിക അവശതകൾ വകവയ്ക്കാതെ സോമൻ നായർ കൂലിപ്പണി ചെയ്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി, ലോണെടുത്ത് വീടുവച്ചു. വിവാഹിതനുമായി. രണ്ട് മക്കളുണ്ട് - അരുൺകുമാറും ആതിരയും. അവരും വിവാഹിതരായി.

രക്ഷയായത്...

മണ്ണിടിച്ചിൽ ഉള്ളതിനാൽ കരങ്കല്ലിറക്കിയാണ് കിണറിന്റെ പടികളും ചുറ്റുവട്ടവും കെട്ടിയിരുന്നത്. ഇടിഞ്ഞുവീണ വലിയ കരിങ്കല്ലുകളിൽ ഒന്ന് തലയ്ക്കുമുകളിൽ തൊടിയിൽ തങ്ങിനിന്നതാണ് രക്ഷയായത്. കിണറിലേക്ക് ചരിച്ച് കുഴിയെടുത്താണ് സോമൻ നായരെ പുറത്തെത്തിച്ചത്.

''പല വാതിലുകൾ മുട്ടിയെങ്കിലും സർക്കാരിൽനിന്ന് ഒന്നും കിട്ടിയില്ല. പല തവണ ലോണെടുത്താണ്‌ ചികിത്സപോലും നടത്തിയത്

-സോമൻ നായർ

ഫോട്ടോ:

1.സോമൻ നായർ

2. സോമൻ നായരുടെ 'പുനർജന്മ 'വാർത്ത 1983 ലെ കേരളകൗമുദി പ്രസിദ്ധീകരിച്ചപ്പോൾ

3. സോമൻ നായരുടെ ചരമ വാർത്ത പത്രത്തിൽ