വിജിലൻസിൽ അഴിമതിപ്പരാതി കേൾക്കാൻ എ.ഐ സംവിധാനം

Saturday 28 February 2026 12:00 AM IST

തിരുവനന്തപുരം:അഴിമതി വ്യാപിക്കുന്ന സാഹചര്യത്തിൽ വിജിലൻസിൽ അഴിമതി,കൈക്കൂലി പരാതികൾ സ്വീകരിക്കാനും കൈകാര്യം ചെയ്യാനുമായി എ.ഐ സംവിധാനം വരുന്നു.വിജിലൻസ് ആസ്ഥാനത്തെ സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് വിഭാഗമാണ് വികസിപ്പിക്കുന്ന സി​റ്റിസൺ സെൻട്രിക്ക് കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്​റ്റം എന്ന പോർട്ടലിന്റെ വികസനം അവസാന ഘട്ടത്തിലാണ്.പോർട്ടൽ വരുന്നതോടെ പരാതി സംബന്ധിച്ച വിവരങ്ങളും അന്വേഷണത്തിന്റെ പുരോഗതിയും തൽക്ഷണം അറിയാനാവുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.

അഴിമതിക്കെതിരായ പ്രവർത്തനങ്ങൾ ജനസൗഹൃദമാക്കാൻ പരാതികൾ സ്വീകരിക്കുന്നതിന് ടോൾഫ്രീ നമ്പറും,വാട്സ്ആപ്പ് സംവിധാനവുമൊരുക്കി.അഞ്ച് വർഷത്തിനിടെ 818കേസുകളെടുത്തു.15 ലക്ഷം രൂപ കൈക്കൂലി വാങ്ങവെ പഞ്ചായത്ത് ഓവർസിയറെ പിടികൂടിയത് വിജിലൻസ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാപ്പായി.67,165 പരാതികളിൽ നടപടിയെടുത്തു.

വിജിലൻസ് ആസ്ഥാനത്ത് സൈബർ ഫോറൻസിക് ലാബ് പ്രവർത്തനം തുടങ്ങിയതിലൂടെ ശാസ്ത്രീയ തെളിവ് വിശകലനവും റിയൽടൈം സൈബർ അന്വേഷണവും വേഗത്തിലായി.മുഴുവൻ കേസ് ഫയലുകളും ഡിജി​റ്റൈസ് ചെയ്യുന്നത് അന്തിമഘട്ടത്തിലാണ്.അഴിമതിക്കാരായ 700 സർക്കാരുദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാൻ ഡോസിയർ എസ്.ഒ.എസ് മാനേജ്‌മെന്റ് സിസ്​റ്റം എന്ന പേരിൽ കേന്ദ്രീകൃത പോർട്ടൽ ആരംഭിച്ചു.80ഉദ്യോഗസ്ഥർക്ക് സി.ബി.ഐയിൽ പരിശീലനം ലഭ്യമാക്കിയെന്നും മനോജ് എബ്രഹാം പറഞ്ഞു.

 232ട്രാപ്പ് കേസുകൾ

136കേസുകളിൽ 227 പ്രതികൾ ശിക്ഷിക്കപ്പെട്ടു.

 421വിജിലൻസ് അന്വേഷണങ്ങൾ

 1847 പ്രാഥമിക അന്വേഷണങ്ങൾ

 547 രഹസ്യാന്വേഷണങ്ങൾ

 11294 മിന്നൽ പരിശോധനകൾ