ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി മിൽക്കി മിസ്റ്റ്

Saturday 28 February 2026 12:52 AM IST

കൊച്ചി : പ്രമുഖ പാലുത്പ്പന്ന നിർമ്മാതാക്കളായ മിൽക്കി മിസ്റ്റ് നടപ്പുവർഷം പ്രാരംഭ പൊതു ഓഹരി വിൽപ്പന(ഐ.പി.ഒ) നടത്തുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. കെ രത്‌നം പറഞ്ഞു. നടപ്പുവർഷം 30 ശതമാനം വാർഷിക വരുമാന വളർച്ച നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ.

തമിഴ്‌നാട് ആസ്ഥാനമായുള്ള കമ്പനിക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ 2035 കോടി മൂല്യമുള്ള പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് സെബിയുടെ അംഗീകാരം ലഭിച്ചിരുന്നു. വിവിധ ഉപഭോക്തൃ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന മിൽക്കി മിസ്‌റ്റ് വിപണി സാധ്യതയുള്ള ഗ്രീക്ക് യോഗർട്ട്, പ്രോട്ടീൻ സമ്പുഷ്ടമായ കേട്ടേജ് ചീസ് പോലുള്ള പ്രീമിയം ഉത്പന്നങ്ങളും അവതരിപ്പിക്കും.

ഇന്ത്യ പ്രോട്ടീൻ ലഭ്യത കുറവുള്ള രാജ്യമായതിനാൽ മിൽക്കി മിസ്റ്റിന് മാത്രമല്ല ഈ മേഖലയിലെ ഏതൊരു കമ്പനിക്കും പ്രധാന ഉത്പന്നങ്ങളാകുമെന്നും കമ്പനിക്ക് ഉയർന്ന പ്രോട്ടീൻ അടങ്ങിയ പാൽ പുറത്തിറക്കാനും പദ്ധതിയുണ്ടെന്നും രത്‌നം പറഞ്ഞു. മിൽക്കി മിസ്റ്റ് ഉൽപ്പന്നങ്ങൾ 350,000ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്‌