ഹരിത ചട്ടം പാലിച്ച് തിരഞ്ഞെടുപ്പ്: കേരളം മാതൃകയെന്ന് കമ്മിഷണർ
തിരുവനന്തപുരം: ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തി കേരളം രാജ്യത്തിന് മാതൃകയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ. തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ ശുചിത്വമിഷനുകൾക്കുള്ള പുരസ്ക്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാസ് പാഴാക്കാതെയുംബോർഡുകൾക്ക് പി.വി.സി ഫ്ളക്സ് ഒഴിവാക്കിയും ഡിജിറ്റൽപ്രചരണമാർഗ്ഗങ്ങളെ ആശ്രയിച്ചും പാർട്ടികളും,വോട്ട് ചെയ്ത ശേഷമുള്ള സ്ലിപ്പ്പോലും ബിന്നുകളിൽ നിക്ഷേപിച്ച് വോട്ടർമാരും സഹകരിച്ചു.തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെസംസ്ഥാനത്തുടനീളമുള്ള പോളിംഗ് ബൂത്തുകളും സ്റ്റേഷനുകളും ശുചീകരിക്കപ്പെട്ടു. ഇതിനെല്ലാം നേതൃത്വം നൽകിയത് ശുചിത്വമിഷനുകളാ
ണെന്ന് ഷാജഹാൻ പറഞ്ഞു.
മികച്ച പ്രവർത്തനത്തിനുള്ള ഒരു ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ നേടി.തിരുവനന്തപുരം,കണ്ണൂർ ജില്ലകൾക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. തൃശൂർ,വയനാട്, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകൾക്കും മാതൃകാപ്രവർത്തനത്തിന് അവാർഡ് ലഭിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ബിനു ഫ്രാൻസിസ്, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്.ദിനേശൻ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ്ഡയറക്ടർ ജി.കെ.സുരേഷ് കുമാർ, സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് എൻവയൺമെന്റ് എൻജിനിയർ ബിൻസി പി.എസ്, തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി പ്രകാശ് വി.എസ്, ശുചിത്വമിഷൻ സീനിയർ കൺസൽട്ടന്റ് പി. എസ്. രാജശേഖരൻ എന്നിവർ സംസാരിച്ചു.