എം.എം.മണി മത്സരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

Saturday 28 February 2026 12:19 AM IST

ഇടുക്കി: ഉടുമ്പഞ്ചോല മണ്ഡലത്തിൽ എം.എം.മണി മൂന്നാംവട്ടവും മത്സരിച്ചേക്കും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എം.എം.മണി തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. ദേവികുളത്ത് എ.രാജ വീണ്ടും സ്ഥാനാർത്ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഇരുവരും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിത്തുടങ്ങി. രണ്ടര പതിറ്റാണ്ടായി എൽ.ഡി.എഫ് കൈപിടിയിലൊതുക്കിയ ഉടുമ്പഞ്ചോലയെ 2016 മുതൽ പ്രതിനിധീകരിക്കുന്നത് എം.എം.മണിയാണ്.

2021ൽ കോൺഗ്രസിലെ ഇ.എം.ആഗസ്തിയെ 38,305 വോട്ടിനാണ് എം.എം.മണി പരാജയപ്പെടുത്തിയത്. മന്ത്രിയായിരിക്കെ നടത്തിയ മികച്ച പ്രവർത്തനം നാട്ടുകാരുടെ സ്വന്തം മണിയാശാന്റെ പ്രതിച്ഛായ വലിയ തോതിൽ വർദ്ധിച്ചിരുന്നു. ഇത്തവണ മന്ത്രിയായില്ലെങ്കിലും ജനകീയതയ്ക്ക് ഇടിവ് വന്നിട്ടില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. എം.എം.മണിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. 2006 മുതൽ എൽ.ഡി.എഫ് കൈപ്പിടിയിലൊതുക്കിയ ദേവികുളം മണ്ഡലത്തിൽ എ.രാജയുടേത് രണ്ടാമൂഴമാണ്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനാണ് സാദ്ധ്യത.