അച്ഛനും മകനും ബി.ജെ.പി സ്ഥാനാർത്ഥികളാകും പൂഞ്ഞാറിൽ പി.സി, പാലായിൽ ഷോൺ
കോട്ടയം: അച്ഛനും മകനും ഒന്നിച്ച് മത്സരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയ്ക്ക് വഴിയൊരുക്കി പൂഞ്ഞാറിൽ പി.സി ജോർജും പാലായിൽ മകൻ ഷോൺ ജോർജും ബി.ജെ.പി സ്ഥാനാർത്ഥികളായേക്കുമെന്ന പ്രചാരണം ശക്തം. ബി.ജെ.പി സ്ഥാനാർത്ഥികളുടെ ആദ്യലിസ്റ്റിൽ പാലായിൽ ഷോണുണ്ട്. ജോസ് കെ.മാണിക്കും മാണി സി.കാപ്പനുമൊപ്പം ഷോൺ കൂടി കളത്തിലിറങ്ങുന്നതോടെ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. ഷോൺ നേരത്തേ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗമായിരുന്നു.
പൂഞ്ഞാർ മുൻ എം.എൽ.എയും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ പി.സി.ജോർജ് മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്. പൂഞ്ഞാർ വിട്ടുകൊടുക്കാൻ ബി.ഡി.ജെ.എസ് തയ്യാറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജോർജ് 42,000 വോട്ടാണ് നേടിയത്. ജോർജിന്റെ ജനപക്ഷം പാർട്ടി ബി.ജെപിയിൽ ലയിച്ചതോടെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പിടിക്കാനും ബി.ജെ.പിക്കായി.
കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനോട് മത്സരിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടെന്നാണ് സൂചന. കഴിഞ്ഞ തവണ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമായിരുന്നു സ്ഥാനാർത്ഥി. ക്രൈസ്തവസഭ നേതൃത്വവുമായി അടുപ്പമുള്ള ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകുന്നത് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.