അമ്മത്തൊട്ടിലിന്റെ കരുതലിൽ 986 കുരുന്നുകൾ

Saturday 28 February 2026 12:20 AM IST
അമ്മത്തൊട്ടിൽ

കോഴിക്കോട്: മാതാപിതാക്കൾ ഉപേക്ഷിക്കുന്ന നിഷ്കളങ്ക ബാല്യങ്ങൾക്ക് അഭയമാകുന്ന സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ ഇതുവരെ എത്തിയത് 986 കുരുന്നുകൾ. തിരുവനന്തപുരത്താണ് കൂടുതൽ 670. അമ്മത്തൊട്ടിൽ സ്ഥാപിച്ച 2002 നവംബർ 14ന് ശേഷമുള്ള കണക്കാണിത്. സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലുകളിൽ ലഭിച്ച 216 കുട്ടികളെ ഇതുവരെ സ്വദേശത്തും വിദേശത്തുമായി ദത്തിലൂടെ സുരക്ഷിത കരങ്ങളിലെത്തിച്ചു. അപേക്ഷകരിൽ നിന്ന് മുൻഗണനാക്രമത്തിലാണ് ദത്ത് നൽകുന്നത്. ഇന്ത്യയിൽ എറ്റവും കൂടുതൽ കുട്ടികളെ ദത്ത് നൽകിയിട്ടുള്ളത് സംസ്ഥാന ശിശുക്ഷേമ സമിതിയാണ്.

ആദ്യം തിരുവനന്തപുരത്താണ് തുടങ്ങിയത്. സംസ്ഥാനത്ത് ഇപ്പോൾ 11 ജില്ലകളിലുണ്ട്. തമിഴ്നാട്ടിലെ ഉസിലാംപട്ടിയിൽ പെൺകുഞ്ഞുങ്ങളെ ജനിച്ചയുടൻ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യാറുണ്ടായിരുന്നു. ഇതിന് പരിഹാരമായി അവിടെ തുടങ്ങിയ പദ്ധതിയാണ് അമ്മത്തൊട്ടിൽ തുടങ്ങാൻ കേരളത്തിന് പ്രേരണയായത്. സിനിമാഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മദിവസമായ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞിന് അദ്ദേഹത്തിന്റെ ഗാനത്തിലെ പേരിട്ടു. മിന്നാരം എന്ന സിനിമയിലെ നിലാവേ മായുമോ... എന്ന ഗാനത്തിലെ 'നിലാവ്' എന്ന് പേരിട്ടു. പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കാണിത്. കേരളത്തിലിപ്പോൾ മൂവായിരത്തിലധികം പേർ ദത്തെടുപ്പിന് അപേക്ഷിച്ചിട്ടുണ്ട്.

  • ഹെെടെക് അമ്മത്തൊട്ടിലുകളുള്ള ജില്ലകൾ

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്

  • അമ്മത്തൊട്ടിൽ ഇല്ലാത്ത ജില്ലകൾ

കണ്ണൂർ, വയനാട്, ഇടുക്കി

  • ശിശുപരിപരിചരണ കേന്ദ്രങ്ങളുള്ള ജില്ലകൾ

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം

യോജ്യമായ സ്ഥലങ്ങളിൽ കൂടുതൽ ഹൈടെക്ക് അമ്മത്തൊട്ടിലുകൾ തുടങ്ങും. ദത്തെടുക്കൽ സംഗമം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തും.

-അഡ്വ. ജി.എൽ.അരുൺഗോപി

ജനറൽ സെക്രട്ടറി, സംസ്ഥാന ശിശുക്ഷേമ സമിതി