രണ്ടാംവിള: സംഭരിച്ചത് 1800 മെട്രിക് ടൺ
പാലക്കാട്: വേനൽമഴയിലും ജില്ലയിൽ നെല്ലുസംഭരണം പുരോഗമിക്കുന്നു. രണ്ടാംവിളയിൽ നാലുദിവസം കൊണ്ട് 1,800 മെട്രിക് ടൺ നെല്ല് സംഭരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലയിൽ രണ്ടാംവിള നെല്ലുസംഭരണം തുടങ്ങിയത്. ആദ്യദിവസം 120 മെട്രിക് ടൺ നെല്ലെടുത്തു. കൊയ്ത്ത് തുടങ്ങാത്ത ചിറ്റൂർ ഒഴികെയുള്ള മേഖലകളിൽ പാഡി സ്ലിപ് വിതരണം പൂർത്തിയായി. അതേസമയം, ഒന്നാംവിളയിൽ ഏകദേശം മുഴുവൻ കർഷകർക്കും നെല്ലെടുത്ത തുക വിതരണം ചെയ്തു. 97 ശതമാനം കർഷകരും ബാങ്കിലെത്തി തുക കൈപ്പറ്റി. ശേഷിക്കുന്ന തുക ബാങ്കുകളിലുണ്ട്.
വേനൽമഴ തിരിച്ചടിയായി
വേനൽ മഴ ചൂടിന് ആശ്വാസം നൽകിയെങ്കിലും ജില്ലയിൽ പലയിടങ്ങളിലും വ്യാപകമായി നെൽകൃഷി നശിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലുമാണ് വിവിധയിടങ്ങളിൽ വ്യാപകമായി കൃഷിനശിച്ചത്. കൊട്ടേക്കാട് കിഴക്കേത്തറയിലെ കർഷകൻ ബേബി സുനിലിന്റെ രണ്ടാംവിള പകുതിയിലേറെയും നശിച്ചു. രണ്ടാഴ്ചക്കുള്ളിൽ കൊയ്യാറായ നെൽക്കതിരുകളാണ് വീണത്. ആലപ്പുഴയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വലിയ വാടക നൽകിയാണ് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ യന്ത്രം ഉപയോഗിച്ച് കൊയ്താൽ ആകെ ലഭിക്കേണ്ട നെല്ലിന്റെ പകുതി മാത്രമേ ലഭിക്കൂ. കൊയ്യാൻ ആളില്ലാത്തതും പ്രയാസത്തിലാക്കുന്നു. കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി വയലിൽ പലയിടത്തും നെല്ല് നശിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് മഴയുടെ ദുരിതം.
അതേസമയം, ജല ലഭ്യതയുള്ള മലമ്പുഴയെ അപേക്ഷിച്ച് ജലദൗർലഭ്യത നേരിടുന്ന വാളയാർ ഡാമിന് പ്രദേശത്തുള്ള നെൽകർഷകർ സന്തോഷത്തിലാണ്. ഇടവിട്ടുള്ള നേരിയ മഴ തുടർന്നാൽ കൃഷിക്ക് ഗുണമെന്നാണ് അവർ പറയുന്നത്. മരം പൊട്ടിവീണുള്ള നഷ്ടങ്ങളും വിവിധഭാഗങ്ങളിലുണ്ടായി. പാലക്കാട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഏറ്റവും ഉയർന്ന അളവിൽ മഴ ലഭിച്ച മണ്ണാർക്കാടാണ് നാശങ്ങളുടെ അളവിലും മുമ്പിൽ. ഇവിടെ മഴമാപിനിയിൽ രേഖപ്പെടുത്തിയത് 42.2 മില്ലിമീറ്റർ മഴയാണ്. ചൊവ്വ രാവിലെ എട്ടുമുതൽ ബുധൻ രാവിലെ എട്ടുവരെയുള്ള കണക്കാണിത്. പാലക്കാടും(17.4മി.മീ), പറമ്പിക്കുളവും (7 മി.മീ) ആണ് കൂടുതൽ മഴ ലഭിച്ച മറ്റിടങ്ങൾ.
97% കർഷകർക്കും തുക കൈമാറി
ഒന്നാംവിള നെല്ല് സംഭരിച്ച ഇനത്തിൽ 97 ശതമാനം കർഷകർക്കും തുക കൈമാറി. ശേഷിക്കുന്ന കർഷകർ ബാങ്കുകളിലെത്തി തുക കൈപ്പറ്റുന്നതോടെ ഈ ആഴ്ചതന്നെ വിതരണം പൂർത്തിയാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. 21,228 കർഷകരിൽനിന്നായി 46,789 മെട്രിക് ടൺ നെല്ലുസംഭരിച്ച ഇനത്തിൽ 141.16 കോടിയാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിൽ, 137.15 കോടി രൂപ ഇതിനകം കർഷകരുടെ കൈയിലെത്തി. ശേഷിക്കുന്ന 5.21 കോടി രൂപ ബാങ്കുകളിലുണ്ട്. സഹകരണ സംഘങ്ങളുടെ ഇടപെടലിൽ നെല്ലെടുക്കാൻ മില്ലുകാർ തയ്യാറായതോടെയാണ് ഒന്നാംവിളയിൽ സംസ്ഥാനത്ത് നെല്ലുസംഭരണം പൂർത്തിയായത്. പ്രോത്സാഹന ബോണസ് ഉൾപ്പെടെയുള്ള സംഭരണവിലയായ 30 രൂപ നിരക്കിലാണ് പണം കർഷകരുടെ അക്കൗണ്ടിലെത്തിയത്. 2017 മുതലുള്ള താങ്ങുവില കുടിശിക ഇനത്തിൽ 2,601 കോടി നൽകാതെ കേന്ദ്രം അവഗണന തുടരുമ്പോഴാണ് സംസ്ഥാനം കർഷകർക്ക് കൈത്താങ്ങായത്. രണ്ടാംവിള നെല്ലുസംഭരണം പുരോഗമിക്കുകയാണ്. ഇതുവരെ 59 കർഷകരിൽനിന്നായി 626.81 മെട്രിക് ടൺ സംഭരിച്ചു.