പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ അവസാനിക്കുമോ? ന്യൂസിലന്റിനെതിരെ ഇംഗ്ളണ്ടിന് തകർച്ചയോടെ തുടക്കം

Friday 27 February 2026 9:35 PM IST

കൊളംബോ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്നത്തെ മത്സരത്തിൽ ന്യൂസിലാന്റ് മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ളണ്ടിന് തകർച്ചയോടെ തുടക്കം. ടീം സ്‌കോർ വെറും രണ്ട് റൺസിൽ നിൽക്കെ ഓപ്പണർമാരായ ബട്‌ലർ, ഫിൽ സാൾട്ട് (2)​ എന്നിവരുടെ വിക്കറ്റുകൾ ഇംഗ്ളണ്ടിന് നഷ്ടമായി. ശേഷം ക്യാപ്‌റ്റൻ ഹാരി ബ്രൂക്കും ജേക്കബ് ബെഥേലും ചേർന്ന് അവരെ കരകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവിൽ അവർക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്‌ടമായിക്കഴിഞ്ഞു.

നിലവിൽ നെറ്റ് റൺ റേറ്റ് +3.50 ഉള്ള ന്യൂസിലാൻഡ് ഈ മത്സരം വിജയിച്ചാൽ ഗ്രൂപ്പിൽ ഇംഗ്ളണ്ടിന് പിന്നാലെ രണ്ടാമതായി സെമിയിൽ പ്രവേശിക്കും. പാകിസ്ഥാന് നിലവിൽ -0.461 പോയിന്റാണുള്ളത്. ഇന്നത്തെ മത്സരത്തിൽ ഇംഗ്ളണ്ട് ജയിച്ചാൽ ന്യൂസിലാന്റിന്റെ നില പരുങ്ങലിലാകും. ഇംഗ്ളണ്ട് ജയിക്കുകയും അടുത്ത മത്സരം പാകിസ്ഥാൻ ശ്രീലങ്കയോട് വലിയ മാർജിനിൽ വിജയിക്കുകയും ചെയ്‌താൽ അവർക്ക് സെമിയിലെത്താം.

നേരത്തെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടിയ ന്യൂസിലാന്റ് ഇംഗ്ളണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പവർപ്ളേ സമയത്ത് കൃത്യയയോടെ മുന്നേറിയ കിവീസ് ബാറ്റിംഗ് അതിനുശേഷം തകർന്നുതുടങ്ങി. ഏഴാം ഓവറിൽ ടീം സ്‌കോർ 64ൽ നിൽക്കെ ടിം സെയ്‌ഫർട്ട് (35) പുറത്തായി. തൊട്ടുപിന്നാലെ രണ്ട് റൺസ് കൂട്ടിച്ചേർത്തതോടെ മറ്റൊരു ഓപ്പണർ ഫിൻ അലനും (29) മടങ്ങി. പിന്നീട് നിശ്ചിത ഇടവേളകളിൽ ന്യൂസിലാന്റിന്റെ വിക്കറ്റുകൾ ഇംഗ്ളണ്ട് ബൗളർമാർ നേടിക്കൊണ്ടേയിരുന്നു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ അവർ 159 റൺസ് നേടി. ന്യൂസിലാന്റിനായി ഗ്ളെൻ ഫിലിപ്‌സ് (39) ആണ് തിളങ്ങിയത്. ഇംഗ്ളണ്ടിനായി ആദിൽ റഷീദ്, വിൽ ജാക്‌സ്, രേഹാൻ അഹ്‌മദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി.