കീഴ്ജീവനക്കാരിയെ പീഡിപ്പിച്ച് പണം തട്ടി:ഹോട്ടൽ സൂപ്പർവൈസർ അറസ്റ്റിൽ
കൊച്ചി: കീഴ് ജീവനക്കാരിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുംചെയ്ത ഹോട്ടൽ ജീവനക്കാരനെ മുളവുകാട് പൊലീസ് അറസ്റ്റുചെയ്തു. എറണാകുളത്തെ ആഡംബര ഹോട്ടലിൽ സൂപ്പർവൈസറായ പശ്ചിമബംഗാൾ സ്വദേശി ജെയിംസ് കത്തയാണ് (47) പിടിയിലായത്.
ഹൗസ്‌കീപ്പിംഗ് വിഭാഗത്തിൽ ജോലിചെയ്യുന്ന യുവതിയാണ് 2025 ഏപ്രിൽ മുതൽ പീഡനത്തിന് ഇരയായത്. വിവാഹിതയായ യുവതിയെ ബോൾഗാട്ടിയിൽ ഇയാൾ താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. തുടർന്ന് നഗ്നദൃശ്യങ്ങളടങ്ങിയ വീഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി 17,000 രൂപ വാങ്ങി. എട്ടുതവണ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിലുണ്ട്.
അടുത്തിടെ യുവതിയുടെ ഗൂഗിൾ പേ ഭർത്താവ് പിരശോധിച്ചപ്പോഴാണ് വിവരം പുറത്തായതും മുളവുകാട് പൊലീസിൽ പരാതിപ്പെട്ടതും. മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.