കൊച്ചിയിൽ വി.വി.ഐ.പി 'മാർച്ച് '!
കൊച്ചി: മാർച്ച് കൊച്ചിക്ക് വെറും മാർച്ചല്ല, വി.വി.ഐ.പി മാർച്ചാണ്! മാർച്ച് മാസം തുടക്കത്തിൽ നഗരത്തിലേക്ക് വി.വി.ഐ.പികളുടെ ഒഴുക്കാണ്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് വൈകിട്ട് നഗരത്തിലെത്തുന്നതോടെ വി.വി.ഐ.പി മാർച്ചിന് തുടക്കമാകും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ചങ്ങനാശേരിയിൽ ഇറങ്ങി എസ്.ബി കോളേജിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചി നേവൽ ബേസിൽ എത്തുന്ന ഉപരാഷ്ട്രപതിയും സംഘവും റോഡ് മാർഗം വൈകിട്ട് ആറോടെ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെത്തും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ വരവിനോടനുബന്ധിച്ച് നഗരം വൻ സുരക്ഷാവലയത്തിലാണ്. നേവൽ ബേസിൽ നിന്ന് അദ്ദേഹ സഞ്ചരിക്കുന്ന റോഡിനിരുവശവും ബാരിക്കേഡ് കെട്ടി തിരിച്ചു.
ഗസ്റ്റ് ഹൗസിലും മുന്നൊരുക്കങ്ങൾ പൂർത്തിയായി. പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് അദ്ദേഹം തങ്ങുക. വെജിറ്റേറിയൻ ഭക്ഷണമാണ് അദ്ദേഹത്തിനായി ഒരുക്കുക. ഗവർണർ ആർലേക്കർ ഹെറിറ്റേജ് സ്യൂട്ടിൽ താമസിക്കും. ഞായറാഴ്ച രാവിലെ നേവൽ ബേസിലേക്ക് റോഡ് മാർഗം പോകുന്ന ഉപരാഷ്ട്രപതിയും സംഘവും അവിടെ നിന്ന് ഹെലികോപ്റ്ററിൽ തൃശൂരേക്ക് തിരിക്കും. ഗവർണറും അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് വിവരം.
11ന് പ്രധാനമന്ത്രി
മാർച്ച് 11ന് അഖിലകേരള ധീവരസഭ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഗരത്തിലെത്തുന്നുണ്ട്. മാർച്ച് ആറിന് നിശ്ചയിച്ച പരിപാടി 11ലേക്ക് മാറ്റുകയായിരുന്നു. അന്ന് വൈകിട്ട് ഏഴിന് മറൈൻ ഡ്രൈവിലാണ് പരിപാടി. ഇതിനു ശേഷം പ്രധാനമന്ത്രിയും സംഘവും എറണാകും ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങുമെന്നാണ് വിവരം. എൻ.ഡി.എയുടെ പ്രകടനപത്രികയും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഇതിനിടെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും കൊച്ചിയിലെത്തുമെന്ന് സൂചനകളുണ്ട്.
5,6,7 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
മാർച്ച് 5, 6, 7 തീയതികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും കൊച്ചിയിലെത്തി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലാണ് യോഗങ്ങൾ. ജില്ലാ കളക്ടർമാരുടെ യോഗവും വിളിച്ചിട്ടുണ്ടെന്നാണ് വിവരം.