ജനകീയമാകാതെ ജനകീയ ഹോട്ടലുകൾ പൂട്ടി

Friday 27 February 2026 11:45 PM IST

പത്തനംതിട്ട: ഇരുപത് രൂപയ്ക്ക് ഊണ് വിളമ്പി വിശപ്പകറ്റാൻ ആരംഭിച്ച ജനകീയ ഹോട്ടലുകൾ ജില്ലയിലിപ്പോൾ അത്ര ജനകീയമല്ല. പകുതിയലധികം ഹോട്ടലുകൾക്കും പൂട്ടുവീണു. സബ്സിഡി കൂടി നിറുത്തലാക്കിയതോടെയാണ് ജനകീയ ഹോട്ടലുകൾക്ക് പിടിച്ചുനിൽക്കാനാകാതെ വന്നത്.

ഇരുപത് രൂപ പിന്നീട് മുപ്പതും മുപ്പത്തഞ്ചുമൊക്കെയായി ഉയർന്നെങ്കിലും സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഊണ് നൽകാൻ കഴിയാത്ത സ്ഥിതിയിലെത്തി. വിഭവങ്ങൾ കുറവായതിനാൽ ആളുകൾ കയറാതിരിക്കാനും കാരണമായി. കുടുംബശ്രീ വനിതകളാണ് ജനകീയ ഹോട്ടലുകളുടെയെല്ലാം അമരക്കാർ. 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് 58 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നത്.

ഇതിൽ 38 എണ്ണവും പൂട്ടി. നിലവിൽ 20 ജനകീയ ഹോട്ടലുകൾ മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.

2019- 2020 ലെ സംസ്ഥാന ബഡ്ജറ്റിലെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടലുകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചത്. കൊവിഡ് കാലത്ത് ഏറ്റവും അധികം ഭക്ഷണം വിതരണം നടത്തിയതും ജനകീയ ഹോട്ടലുകൾ വഴിയായിരുന്നു. എന്നിട്ടും പിടിച്ചുനിൽക്കാനാകാതെ ഓരോന്നായി പൂട്ടുകയായിരുന്നു.

സബ്‌സിഡി നിറുത്തലാക്കി

 സബ്സിഡി ലഭിച്ചിരുന്നത് വൈകി,​ പിന്നീട് നിറുത്തലാക്കി

 സാധനങ്ങളുടെ വില വർദ്ധന

 കിട്ടുന്ന തുക സാധനങ്ങൾ വാങ്ങാനും തികയാതായി

 കടം വാങ്ങി മുന്നോട്ട് പോകാൻ പറ്റാതായി

 വിഭവങ്ങൾ കുറവ്

 സ്ഥിരമായി ആളുകൾ കയറാതായി

 കെട്ടിടങ്ങളുടെ വാടക

 ജീവനക്കാരുടെ കുറവ്

റിവോൾവിംഗ് ഫണ്ടും താങ്ങായില്ല

ജനകീയ ഹോട്ടലിന് റിവോൾവിംഗ് ഫണ്ടായി ഒരോ ബ്ലോക്ക് പഞ്ചായത്തും വാർഷിക കർമ്മ പദ്ധതിയിൽ 20000 രൂപയും ജില്ലാ പഞ്ചായത്ത് 10000 രൂപയും വകയിരുത്തും. യൂണിറ്റിന് പ്രാരംഭ ചെലവിലേക്ക് റിവോൾവിംഗ് ഫണ്ടായി 50000 രൂപയും ഒരു ഊണിന് സബ്‌സിഡിയായി 10 രൂപയും കുടുംബശ്രീ ജില്ലാമിഷൻ നൽകും. എന്നാൽ ഊണ് കഴിക്കാൻ ആളില്ലെങ്കിൽ ഇതൊന്നും ലഭിക്കുകയുമില്ല. നാല് അംഗങ്ങൾ ഉൾപ്പെടുന്ന യൂണിറ്റുകൾ രൂപീകരിച്ചാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.

ജനകീയ ഹോട്ടൽ-58

പ്രവർത്തിക്കുന്നത്-20 പൂട്ടിയത്-38

സബ്സിഡി നിറുത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾക്ക് പ്രവർ‌ത്തിക്കാൻ പറ്റാതായി. മുപ്പത് രൂപയ്ക്ക് ഭക്ഷണം നൽകാൻ ബുദ്ധിമുട്ടാണ്. സാധനങ്ങൾക്ക് വില കൂടി. ആളെത്തിയില്ലെങ്കിൽ നഷ്ടമാണ്.

സുധാമണി

മുൻ ജനകീയ ഹോട്ടൽ നടത്തിപ്പുകാരി