നെല്ല് കയറ്റി​വി​ട്ടു, ആഘോഷമായി​

Saturday 28 February 2026 1:40 AM IST

മയ്യനാട്: നെല്ല് കയറ്റി അയയ്ക്കുന്ന ചടങ്ങ് കർഷകർ ആഘോഷമാക്കി. ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ ഉമയനല്ലൂർ ഏലായിൽ കർഷകർ വിളയിച്ചെടുത്ത നെല്ല് സപ്ലൈകോയ്ക്ക് കയറ്റി അയയ്ക്കുന്ന ചടങ്ങാണ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആഘോഷമാക്കിയത്. പുലർച്ച മുതൽ കർഷകർ ചാക്കുകളിൽ നിറച്ച നെല്ലുമായി പടനിലം ക്ഷേത്ര മൈതാനത്ത് എത്തി. ആയിരക്കണക്കിന് ചാക്ക് നെല്ലാണ് ഇവിടെ നിന്ന് കയറ്റി വിട്ടത്. ഉമയനല്ലൂർ ഏലായിൽ കൃഷിയിറക്കിയ നൂറിലധികം കർഷകർക്ക് ഇക്കുറി നൂറുമേനി വിളവാണ് ലഭിച്ചത്. പാടശേഖര സമിതിയുടെ മേൽനോട്ടത്തിലായിരുന്നു കൃഷി. പടനിലം ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി നെല്ല് കയറ്റി അയയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉമയനല്ലൂർ പാടശേഖര സമിതി പ്രസിഡന്റ് ആർ.എസ്. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി രവീന്ദ്രൻ പിള്ള, എസ്. സജീവൻ, തുളസീധരൻ പിള്ള, രാജീവൻ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.