ചെവിയിൽ നുള്ളിക്കോ,​ ഇത് പഴയ യു.ഡി.എഫ് അല്ല: വി.ഡി.സതീശൻ 

Friday 27 February 2026 11:56 PM IST

അടൂർ: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചവരും കെ.എസ്.യു പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞവരും ചെവിൽ നുള്ളിക്കോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടൂരിൽ യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് ലഭിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രിയെ കെ.എസ്.യുക്കാർ ആക്രമിച്ചെവെന്നാണ് പറയുന്നത്. എന്തൊരു അഭിനയമാണ്. ആന്റോ ആന്റണി പറഞ്ഞത് ആരോഗ്യമന്ത്രിക്ക് ഉർവശി അവാർഡ് കൊടുക്കണമെന്നാണ്. എന്നാൽ ഞാനതിനോട് യോജിക്കുന്നില്ല,​ ഓസ്‌കാർ അവാർഡാണ്‌ കൊടുക്കേണ്ടത്.

കേരളത്തിലെ സി.പി.എമ്മും സംഘപരിവാറിന്റെ അതേപാതയിൽ സഞ്ചരിക്കുന്നു. ഡൽഹിയിലെ ചേട്ടൻ ബാവയും തിരുവനന്തപുരത്തെ അനിയൻ ബാവയും ഒരേ തോണിയിലാണ് സഞ്ചരിക്കുന്നത്. ആര് വർഗീയത പറഞ്ഞാലും എതിർക്കും. ഏത് കൊലകൊമ്പൻ പറഞ്ഞാലും എതിർക്കും. യു.ഡി.എഫിന്റെ മതേതര നിലപാട് മതേതര കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു

കേരളത്തെ തുറമുഖ നഗരമാക്കും

രണ്ടുവർഷത്തെ കൃത്യമായ ആസൂത്രണത്തോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിനായി സ്വപ്നതുല്യമായ പദ്ധതികൾ നടപ്പാക്കും. കേരളത്തിന്റെ 600 കിലോമീറ്റർ കടലാണ്. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും രണ്ട് കണ്ടെയ്നർ ടെർമിനലുകളും 17 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് ആദ്യഘട്ടത്തിൽ കോസ്റ്റൽ ഷിപ്പിംഗ് ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ ക്രൂയിസ് ഷിപ്പിംഗിൽ യാത്രക്കാർ വരും. മൂന്നാം ഘട്ടത്തിൽ നദികളുമായി സംയോജിപ്പിച്ച് വിശദമായ ടൂറിസം പദ്ധതി നടപ്പാക്കും. സിംഗപ്പൂർ പോലെ കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റും.