പത്തനാപുരം ഗാന്ധി​ഭവന് യൂസഫലിയുടെ ഒരു കോടി

Saturday 28 February 2026 1:59 AM IST

കൊല്ലം: റംസാൻ നോമ്പുകാലത്ത് പതിവുപോലെ പത്തനാപുരം ഗാന്ധിഭവന് സഹായവുമായി​​ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അന്തേവാസി​കൾക്ക് സമൃദ്ധമായ ഭക്ഷണത്തി​നും മരുന്നിനും ചികിത്സയ്ക്കുമായി​ ഒരു കോടി രൂപയുടെ സഹായമാണ് കൈമാറിയത്

1500 ഓളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകൾ, ആശുപത്രി ചികിത്സ, വസ്ത്രം, സേവന പ്രവർത്തകരുടെ വേതനം, മറ്റു ചെലവുകൾ ഉൾപ്പെടെ പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം ചെലവുണ്ട്. റംസാൻ കാലത്തും തുടർന്ന് ഒരു വർഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വർഷവും ഗാന്ധിഭവന് യൂസഫലി കൈമാറുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മുക്തി നേടുന്നതിനൊപ്പം റംസാൻ കാലത്ത് വലിയ ആശ്വാസമാണ് ഈ സഹായമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.

പത്തു വർഷം മുമ്പ് ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ അന്തേവാസികളുടെ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സ്ഥാപനത്തിന്റെ സാമ്പത്തികക്ലേശങ്ങളും മനസി​ലാക്കിയതോടെയാണ് ഓരോ വർഷവും യൂസഫലി മുടങ്ങാതെ സഹായമെത്തിക്കാൻ തുടങ്ങി​യത്. ഗാന്ധിഭവനിലെ അമ്മമാർക്കായി 15 കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിർമ്മിച്ചുനൽകിയിരുന്നു. ഗാന്ധിഭവനിലെ പുരുഷ വയോജനങ്ങൾക്കായി അദ്ദേഹം സമർപ്പി​ക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണവും പൂർത്തിയായി. 20 കോടിയോളമാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. പ്രതിവർഷ ഗ്രാന്റ് ഉൾപ്പെടെ പത്തു വർഷത്തിനിടെ പന്ത്രണ്ട് കോടിയോളം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നൽകിയിട്ടുണ്ട്. എം.എ. യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോ ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു ഗ്രൂപ്പ് ചീഫ് എൻജി​നീയർ ബാബു വർഗീസ് എന്നിവർ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ഡി.ഡി കൈമാറിയത്. തിരുവനന്തപുരം ലുലു മാൾ പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.