സെർവിക്കൽ ക്യാൻസർ: വാക്സിനേഷൻ ഇന്നുമുതൽ
കൊല്ലം: ഗർഭാശയഗള അർബുദം (സെർവിക്കൽ ക്യാൻസർ) പ്രതിരോധിക്കാൻ വിദ്യർത്ഥിനികൾക്ക് ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിൻ വിതരണം ആരംഭിച്ചു. 14 വയസ് പൂർത്തിയായതും 15 വയസ് തികയാത്തതുമായ ജില്ലയിലെ 17,000 വിദ്യാർത്ഥിനികൾക്ക് വാക്സിൻ നൽകും.
ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ ക്യാമ്പയിനാണ് നടത്തുന്നത്. നഗരപരിധിയിൽ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും ഗ്രാമപ്രദേശങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയു ഗുണഭോക്താക്കളെ കണ്ടെത്തും. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി, ആശാവർക്കർമാർ എന്നിവരാണ് കുട്ടികളുടെ പട്ടിക തയ്യാറാക്കുന്നത്. സ്തനാർബുദത്തിന് പുറമെ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് ഗർഭാശയഗളത്തിലേത്. വരും തലമുറയെ ഇതിൽ നിന്ന് പൂർണമായും മോചിപ്പിക്കുകയാണ് ലക്ഷ്യം.
കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പാണ് സൗജന്യ വാക്സിനേഷൻ നടപ്പാക്കുന്നത്. കുത്തിവച്ച ഭാഗത്ത് നേരിയ വേദനയോ വീക്കമോ അനുഭവപ്പെടാം. അണുബാധ ഉണ്ടായ ശേഷം വാക്സിൻ നൽകിയാൽ ഫലം കുറയുമെന്നതിനാൽ, നേരത്തെയുള്ള വാക്സിനേഷനാണ് ഉചിതം.
സെർവിക്കൽ കാൻസർ
ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്ച്.പി.വി) ആണ് 99 ശതമാനം കേസുകളിലും അർബുദ കാരണം
10-15 വർഷം കൊണ്ടാണ് കോശങ്ങൾക്ക് വൈറസ് രൂപമാറ്റം വരുത്തുന്നത്.
നിരവധി ഗർഭധാരണങ്ങൾ, സ്വകാര്യഭാഗങ്ങളിലെ ശുചിത്വമില്ലായ്മ, പുകയില ഉപയോഗം തുടങ്ങിയവ കാരണങ്ങൾ
നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ രോഗം ഭേദമാക്കാം
പാപ്‌സ്‌മിയർ എന്ന ചെലവ് കുറഞ്ഞ ടെസ്റ്റിലൂടെ രോഗം കണ്ടെത്താം
അർബുദമാണെങ്കിൽ ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം, ആർത്തവ വിരാമത്തിന് ശേഷം രക്തസ്രാവം എന്നിങ്ങനെയുണ്ടാവാം
പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമവൈറസ് (എച്ച്.പി.വി) വാക്സിൻ നൽകിയാൽ രോഗത്തെ പ്രതിരോധിക്കാനാവും
ജില്ലാതല ഉദ്ഘാടനം ഇന്ന്
വാക്സിനേഷൻ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിൽ നടക്കും. ഇതിന് മുന്നോടിയായി ഇന്നലെ കളക്ടർ എൻ.ദേവീദാസിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ആലോചനായോഗം സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യക്ഷേമ നീതി വകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ് പ്രതിനിധികളും ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം, ഡി.പി.എം, ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാർ എന്നിവരും പങ്കെടുത്തു.