മൂന്നിലും പിഴയ്ക്കാതിരിക്കാൻ ബ്ളാസ്റ്റേഴ്സ്

Saturday 28 February 2026 12:29 AM IST

കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഇന്റർ കാശിയെ നേരിടുന്നു

കൊച്ചി: ഐ.എസ്.എല്ലിൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരുങ്ങലിലായ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യം. സീസണിലെ രണ്ടാമത്തെ ഹോംമത്സരത്തിൽ ഐ.എസ്.എല്ളിൽ ആദ്യ സീസൺകാരായ ഇന്റർ കാശിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശി ആദ്യമത്സരത്തിൽ ഗോവയ്‌ക്കെതിരെ 1-1നും രണ്ടാം മത്സരത്തിൽ ഒഡീഷയ്‌ക്കെതിരെ ഗോൾരഹിതമായും സമനില വഴങ്ങിയിരുന്നു.

ആദ്യ മത്സരത്തിൽ ഐ.എസ്.എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റ ബ്ലാസ്റ്റേഴ്‌സിന് രണ്ടാംമത്സരത്തിലും ഗോളും വിജയവും അകന്നുനിന്നു. ആദ്യ മത്സരത്തിലേതിനേക്കാൾ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സീസണിലെ ആദ്യ ഹോംമത്സരത്തിൽ മുംബയ് സിറ്റിയോട് 1-0ത്തിനാണ് തോറ്റത്.

മോഹൻ ബഗാനെതിരെ ഗോളെന്നുറച്ച ഒരു ഷോട്ടുപോലും ബ്ലാസ്‌റ്റേഴ്‌സിൽ നിന്നുണ്ടായില്ല. മുംബയ്ക്കെതിരെ പ്രകടനം മെച്ചപ്പെട്ടപ്പോഴും ഗോൾ അകന്നുനിന്നു. രണ്ടുതവണ ഐ.എസ്.എൽ കിരീടം ചൂടിയ ലോപ്പസ് ഹബാസിന്റെ ഇന്റർകാശിയെ തളയ്ക്കാൻ ഡേവിഡ് കറ്റാലയുടെ മഞ്ഞപ്പടയ്ക്ക് സാധിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

* ലക്ഷ്യം ജയം മാത്രം: കറ്റാല

കഴിഞ്ഞ രണ്ടു മത്സരങ്ങളിലെയും പിഴവുകൾ തിരുത്തി ടീമിനെ കളത്തിലിറക്കുമന്ന് ഡേവിറ്റ് കറ്റാല കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ജയിക്കാനായില്ല. കഴിഞ്ഞ മത്സരത്തിൽ തുടരെ ആക്രമണങ്ങൾ നടത്തി. ഗോൾ നേടാനായില്ല. ആദ്യ 30 മിനിറ്റിലെ ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഇത് മുഴുവൻ സമയവും നിലനിറുത്താനുള്ള കഠിനപരിശ്രമത്തിലാണ്.

മികച്ച പ്രതിരോധനിരയുള്ള ടീമാണ് ഇന്റർകാശി. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് ഗോൾ നേടാനാകുമെന്നാണ് പ്രതീക്ഷ. പരിക്ക് മൂലമാണ് സച്ചിൻ സുരേഷിന് കഴിഞ്ഞമത്സരം നഷ്ടമായത്. ഇടതുവിംഗിൽ കെവിൻ മികച്ച നീക്കമാണ് നടത്തുന്നത്.

എന്നാൽ ആദ്യ ഇലവനിൽ കെവിൻ ഉണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ല. ഇടവേളയ്ക്കുശേഷം ഇറങ്ങുന്ന താരങ്ങൾക്ക് കളിമാറ്റാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ ഇലവനും പകരക്കാർക്കും ഒരേ പ്രാധാന്യമാണ് നൽകുന്നതെന്നും കറ്റാല പറഞ്ഞു.