മന്ത്രിയെ ആശ്വസിപ്പിച്ചതാണ്;  പ്രചാരണം മനുഷ്യത്വമില്ലായ്മ സെൽഫിയിൽ വിശദീകരണവുമായി നഴ്‌സ്

Saturday 28 February 2026 1:24 AM IST

കണ്ണൂർ: ആരോഗ്യമന്ത്രിയോടുള്ള മനുഷ്യസഹജമായ അനുകമ്പയുടെ പ്രകടനമായിരുന്നു വീണാ ജോർജിനൊപ്പം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ നിന്നെടുത്ത ഫോട്ടോയെന്ന് കണ്ണൂർ മെഡിക്കൽ കോളേജിലെ നഴ്സ് പി.സി സ്മിത.

മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വമില്ലായ്മയാണെന്ന് സ്മിത സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

'എത്ര ക്രൂരമാണ് ഈ ലോകം' എന്ന് തുടങ്ങുന്ന കുറിപ്പിൽ മന്ത്രിക്ക് കാനുല ഇട്ടിട്ടുണ്ടെന്നും മുൻപ് ഇട്ടയിടത്ത് നിറം മാറ്റം വന്നതിനാൽ കൈത്തണ്ടയുടെ താഴ്ഭാഗത്ത് സൂചി ഇടേണ്ടി വന്നെന്നും ഭക്ഷണസമയത്ത് മാത്രം ഡിസ്‌കണക്ട് ചെയ്തതാണെന്നും സ്മിത വ്യക്തമാക്കുന്നു.

രാത്രിയിലാണ് മന്ത്രിയെ എത്തിച്ചത്. കടുത്ത കഴുത്തുവേദനയും ഉയർന്ന രക്തസമ്മർദ്ദവുമുണ്ടായിരുന്നു. രാത്രിതന്നെ എം.ആർ.ഐ സ്‌കാൻ നടത്തി. ഭക്ഷണം കഴിക്കാതെ, വെറും രണ്ടുമണിക്കൂർ മാത്രം ഉറക്കത്തോടെ ശാരീരികവും മാനസികവുമായ വേദനയിൽ കഴിഞ്ഞ മന്ത്രിയെ ഐ.സി.യുവിലെ നഴ്സുമാർ നിർബന്ധിച്ച് രാവിലെ ഇഡ്ഡലി കഴിപ്പിക്കുകയായിരുന്നു. ഭക്ഷണത്തിനുശേഷം കിടത്തുന്നതിനു മുൻപ് ഒരു ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചപ്പോൾ മന്ത്രി സമ്മതിച്ചു.

കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അടുപ്പം തോന്നിയതിനാലാണ് ഫോട്ടോ എടുത്തതെന്നും മന്ത്രി സഹോദരതുല്യം ഇടപെട്ടതായും വ്യക്തമാക്കി.

ഇത്ര ക്രൂരത അരുത്, ദയ കാണിക്കുക' എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

മന്ത്രിയുടെ ഓഫീസ്

വിശദീകരണം തേടി

മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമുയർന്നു. മന്ത്രിയുടെ ഓഫീസ് മെഡിക്കൽ കോളേജ് അധികൃതരോട് വിശദീകരണം തേടി. ആശുപത്രി സൂപ്രണ്ട് അന്വേഷണം ഉത്തരവിടുകയും ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന സൂചന നൽകുകയും ചെയ്തു. ഇതിനു മറുപടിയായാണ് നഴ്സ് സ്മിത ഫേസ്ബുക്കിൽ വിശദീകരണ കുറിപ്പിട്ടത്.