ആർ.എസ്.പി​യി​ൽ തർക്കം, ഇരവി​പുരത്ത് വി​ഷ്ണു മോഹൻ സമവായ സ്ഥാനാർത്ഥി​

Saturday 28 February 2026 1:25 AM IST

 ചേരി​തി​രി​ഞ്ഞ് പേരുകൾ നി​ർദ്ദേശി​ച്ചു

കൊല്ലം: ഇരവി​പുരം മണ്ഡലത്തി​ലെ സ്ഥാനാർത്ഥി​യെച്ചൊല്ലി​ ആർ.എസ്.പി​യി​ലുണ്ടായ തർക്കത്തി​നൊടുവി​ൽ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി​ അഡ്വ. വി​ഷ്ണു മോഹനെ സമവായ സ്ഥാനാർത്ഥി​യായി​ നിശ്ചയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ ഔദ്യോഗിക വിഭാഗവും പഴയ ആർ.എസ്.പി (ബി) വിഭാഗക്കാരും ചേരിതിരിഞ്ഞ് പേരുകൾ നിർദ്ദേശിച്ചു. ഔദ്യോഗിക ആർ.എസ്.പി വിഭാഗം എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ നിർദ്ദേശിച്ചപ്പോൾ മറുവിഭാഗം സംസ്ഥാന കമ്മിറ്റിയംഗം എം.എസ്.ഗോപകുമാറിന്റെ പേര് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ 12പേർ കാർത്തിക് പ്രേമചന്ദ്രന്റെയും അഞ്ചുപേർ ഗോപകുമാറിന്റെയും പേര് നിർദ്ദേശിച്ചിരുന്നു. തർക്കം മുന്നിൽ കണ്ട് ഇന്നലെ ആദ്യം സെൻട്രൽ സെക്രട്ടേറിയേറ്റ് യോഗമാണ് നടന്നത്. അതിൽ ഷിബു ബേബിജോൺ ഗോപകുമാറിനായും എൻ.കെ. പ്രേമചന്ദ്രൻ വിജയസാദ്ധ്യത എന്ന നിലപാടിലും ഉറച്ചുനിന്നു. എ.എ.അസീസും ബാബുദിവാകരനും നിഷ്‌‌പക്ഷത പാലിച്ചു.

തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ എക്സിക്യുട്ടിവിന്റെ നിർദ്ദേശം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.എ.അസീസ് അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവിലേത് പോലെ കാർത്തിക് പ്രേമചന്ദ്രന്റെയും ഗോപകുമാറിന്റെയും പേര് ഇരുവിഭാഗക്കാരും നിർദ്ദേശിച്ചു. കാർത്തിക് പ്രേമചന്ദ്രനായിരുന്നു മുൻതൂക്കം. തർക്കം രൂക്ഷമായതോടെ വീണ്ടും ചേർന്ന സെൻട്രൽ സെക്രട്ടേറിയറ്റ് യോഗത്തിൽ എ.എ.അസീസ് സമവായ സ്ഥാനാർത്ഥിയായി വിഷ്ണുമോഹന്റെ പേര് മുന്നോട്ടുവച്ചു. പ്രേമചന്ദ്രനും ഷിബു ബേബിജോണും തർക്കം ഒഴിവാക്കാനായി അസീസിന്റെ നിർദ്ദേശത്തോട് യോജിക്കുകയായിരുന്നു.

ഷിബു ബേബിജോണും

ഉല്ലാസും സ്ഥാനാർത്ഥികൾ

ആർ.എസ്.പി​ സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ചവറയി​ലും ആർ.വൈ.എഫ് സംസ്ഥാന പ്രസി‌ഡന്റ് ഉല്ലാസ് കോവൂർ കുന്നത്തൂരി​ലും ആർ.എസ്.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സന്തോഷ് ഭദ്രൻ ആറ്റിങ്ങലി​ലും മത്സരി​ക്കും. മട്ടന്നൂർ സീറ്റിന് പകരം ചടയമംഗലം കോൺഗ്രസിനോട് ആവശ്യപ്പെടുന്നുണ്ട്. അക്കാര്യത്തിൽ തീരുമാനമായ ശേഷം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.