മന്ത്രിയെ മർദ്ദിക്കുന്ന ദൃശ്യമില്ല
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 55 സി.സി ടി.വി ക്യാമറകളുടെ ദൃശ്യങ്ങൾ ആർ.പി.എഫും റെയിൽവേ പൊലീസും വിശദമായി പരിശോധിച്ചെങ്കിലും മന്ത്രിയെ സമരക്കാർ മർദ്ദിക്കുന്നതായോ ആയുധം ഉപയോഗിക്കുന്നതായോ ഒരു ദൃശ്യത്തിൽപ്പോലുമില്ല.
അതേസമയം, മന്ത്രിക്ക് കഴുത്തിനും ഇടതുകൈയ്ക്കും നേരിയ ക്ഷതമുണ്ടെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്തിലെ പരിക്കുമൂലം വലതുകൈയ്ക്ക് മരവിപ്പ് അനുഭവപ്പെടുന്നതായും ഡോക്ടർമാർ നിരീക്ഷിച്ചിരുന്നു. റെയിൽവേ സി.ഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മന്ത്രിയെ ചികിത്സിച്ച ഡോക്ടർമാരുടെയും ഗൺമാൻ അഭിലാഷിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങൾ കോടതിക്ക് കൈമാറും.
'മന്ത്രിക്കരികിലേക്ക്
സമരക്കാർ എത്തിയില്ല'
സമരക്കാർക്കെതിരെ തിരിഞ്ഞ മന്ത്രിയെ പൊലീസുകാർ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കനത്ത പൊലീസ് വലയത്തിലായിരുന്ന മന്ത്രിക്കരികിലേക്ക് സമരക്കാർ എത്തിയിട്ടില്ലെന്നും ഉത്തര മേഖലാ ഡി.ഐ.ജിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.