ചാണ്ടിയെക്കണ്ടപ്പോൾ പ്രതിഷേധം മറന്ന് ബി.ജെ.പിക്കാർ: പിന്നീട് ബഹളം,​കൂക്കിവിളി

Saturday 28 February 2026 1:46 AM IST

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ചാണ്ടി ഉമ്മൻ എം.എൽ. എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർക്കിടയിലേക്കിറങ്ങിച്ചെന്ന് സൗഹൃദം പങ്കിട്ട് സാക്ഷാൽ ചാണ്ടി ഉമ്മൻ. സമരത്തിന്റെ ലക്ഷ്യം മറന്ന

ബി.ജെ.പി നേതാക്കൾ കൈ കൊടുത്ത് കുശലം പറഞ്ഞു.എന്നാൽ നിമിഷങ്ങൾക്കകം തങ്ങൾ സമരത്തിന് വന്നതാണെന്ന കാര്യം ഓർത്തെടുത്ത ബി.ജെ.പിക്കാർ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ചിലർ കൂക്കിവിളിച്ചു. ഇന്നലെ രാവിലെയായിരുന്നു നാടകീയ രംഗങ്ങൾ.

ബി.ജെ.പി പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയാണ് ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സമരം കഴിയുമ്പോഴാണ് ചാണ്ടി ബി.ജെ.പിക്കാരുടെ അടുത്തേക്ക് ചെന്നത്. അവരെ തടയരുതെന്നും നമ്മുടെ ആളുകളാണെന്നും പറഞ്ഞ് സമരക്കാർക്കിടയിലേക്ക് ചിരിച്ചുകൊണ്ട് ചാണ്ടി ഇറങ്ങിയതോടെ സമരക്കാർ കൈകൊടുത്ത് സൗഹൃദം പങ്കുവച്ചു. ഉദ്ഘാടകൻ ബി.ജെ.പി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ.ഹരിയടക്കമുള്ളവർ ചാണ്ടിയുമായി സംസാരിച്ചു. ഇതിനിടെയാണ് സംഭവം കൈവിട്ടു പോയകാര്യം സമരക്കാർക്ക് മനസിലായത്. പൊടുന്നനെ ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രകോപിതരായ ഒരുവിഭാഗം പ്രവർത്തകർ ചാണ്ടിക്ക് നേരെ തിരിഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.