സോണിയയുടെ വസതിയിലേക്ക് യുവമോർച്ചയുടെ മാർച്ച്

Saturday 28 February 2026 1:47 AM IST

ന്യൂഡൽഹി: സ്വർണക്കൊള്ള കേസിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി കൂടിക്കാഴ്‌ച നടത്തിയ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ യുവമോർച്ച മാർച്ച്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദിന്റെ നേതൃത്വത്തിൽ സോണിയയുടെ ജൻപഥ് പത്താം നമ്പർ വസതിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് ചെറിയ സംഘർഷമുണ്ടാക്കി. തുടർന്ന് പ്രവർത്തകരെ അറസ്റ്റുചെയ്‌ത് നീക്കി. സ്വർണക്കൊള്ളക്കേസിലെ എസ്‌.ഐ.ടി അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ ആവശ്യപ്പെട്ടു. യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചാഹൽ, ദേശീയ നിർവ്വാഹക സമിതി അംഗം റോഹൻ സൈഗാൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വിഷ്ണു വഞ്ചിമല, ഗോകുൽ ഗോപിനാഥ്, വൈസ് പ്രസിഡന്റുമാരായ അഖിൽ വർഗീസ്, കെ. ഷിജിൽ, അഭിജിത്ത് അശോകൻ, വിഷ്ണു, സെക്രട്ടറിമാരായ അഥീന ഭാരതി, മനു മോഹൻ, അർജുൻ തുടങ്ങിയവർ പങ്കെടുത്തു.