ജീവിതത്തിന്റെ ഗന്ധവുമായി 'ഇനിയും'

Saturday 28 February 2026 2:03 AM IST

തിരുവനന്തപുരം: കു‌ടുംബബന്ധങ്ങളുടെ കഥ ഇനിയും ഇവിടെ ശക്തമായി പറയാൻ കഴിയുമെന്ന് ഓർമ്മപ്പെടുത്തി 'ഇനിയും" എന്ന ചിത്രം തിയേറ്ററിലെത്തി. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം സനീഷ് മേലേപ്പാട്ട് ആണ് നായകൻ. നിർമ്മാതാവ് സുധീർ സി.ബി തന്റെ ജീവിതത്തിൽനേരിട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

കുടുംബബന്ധങ്ങൾക്കും സുഹൃത് ബന്ധങ്ങൾക്കും പ്രണയത്തിനും നർമ്മത്തിനും ചടുലമായ ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം ജീവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വർഷങ്ങളുടെ പാരമ്പര്യമുള്ള നമ്പൂതിരി കുടുംബത്തിലെ അംഗമായ ഭദ്രൻ ഒരു കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഗ്രാമത്തിൽ ഒളിവിൽ പോകുകയും അവിടെ ക്ഷേത്ര പൂജാരിയായി മാറുന്നതും തുടർന്ന് ജീവിതം സംഭവബഹുലമാകുകയും ചെയ്യുന്നു. പാർത്ഥിപ് കൃഷ്ണനാണ് മറ്റൊരു പ്രധാന താരം. ഭദ്ര ആണ് നായിക. ഈ മൂന്ന് പുതുനിരതാരങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മോഹൻ സിതാരയുടെ മനോഹരമായ ഗാനം ചിത്രത്തിന് മാറ്റുകൂട്ടുന്നു. റിയാസ് ഖാൻ, ദേവൻ, കോട്ടയം രമേശ്, ശിവജി ഗുരുവായൂർ, കൈലാഷ്, ഡ്രാക്കുള, രാഹുൽ മാധവ്, ബൈജു കുട്ടൻ തുടങ്ങി നീണ്ട താരനിരയോടൊപ്പം അഷ്കർ സൗദാൻ അതിഥി താരമായും എത്തുന്നു. യദു ഫിലിം ഫാക്ടറിയുടെ ബാനറിലാണ് നിർമ്മാണം.