ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി പൂയം നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി കൊടിയേറ്റും. ഒമ്പതാം ഉത്സവ ദിവസമായ മാർച്ച് എട്ടിന് രാത്രിയാണ് പള്ളിവേട്ട. മാർച്ച് 9 ന് രാത്രി ഗുരുവായൂരപ്പന്റെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ബാലു, കൃഷ്ണനാരായണൻ, രവികൃഷ്ണൻ എന്നീ മൂന്ന് ആനകൾ മുൻ നിരയിൽ അണിനിരക്കും. ആനയോട്ട ചടങ്ങിൽ ഇന്ദ്രസെൻ, രവികൃഷ്ണൻ, കൃഷ്ണനാരായണൻ, ഗോപീകൃഷ്ണൻ, സിദ്ധാർത്ഥൻ, വലിയ വിഷ്ണു, ബാലു, ഗജേന്ദ്ര, അക്ഷയ് കൃഷ്ണൻ എന്നീ ദേവസ്വം കൊമ്പന്മാർ പങ്കെടുക്കും. ഇന്ന് രാത്രി കൊടിയേറ്റത്തിന് ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് പുലരും വരെ മേജർസെറ്റ് കഥകളി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള വേദിയിൽ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതൽ ആറ് വരെ കേരളത്തിന്റെ അനുഷ്ഠാന കലകൾ അരങ്ങേറും.
ചടങ്ങുകളിൽ മാറ്റം
ക്ഷേത്രോത്സവത്തിന്റെ നാലാം ദിനമായ മാർച്ച് 3 ന് ഉച്ചയ്ക്ക് ശേഷം ചന്ദ്രഗ്രഹണമായതിനാൽ ക്ഷേത്രച്ചടങ്ങിന് മാറ്റമുണ്ടാകും. വൈകിട്ട് ആറിന് ക്ഷേത്രനട അടയ്ക്കും. ഗ്രഹണ ശേഷം 7.15ന് നടതുക്കും. അന്നേ ദിവസം അന്താഴപ്പൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ ശീട്ടാക്കുന്നതല്ല. ഉച്ചയ്ക്ക് ശേഷമുള്ള പകർച്ച, രാത്രിയിലെ പ്രസാദ ഊട്ട് എന്നിവയും ഉണ്ടാകില്ല.