രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി സ്റ്റോറേജ് നിർമ്മാണം തുടങ്ങി

Saturday 28 February 2026 2:12 AM IST

തിരുവനന്തപുരം: നാല് മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിക്ക് തുടക്കം. ഇന്നലെ കാസർകോട്ട് മൈലാട്ടി 220 കെ.വി സബ്‌സ്റ്റേഷൻ പരിസരത്താണ് ആരംഭിച്ചത്. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.125 മെഗാവാട്ട് / 500 മെഗാവാട്ട് അവർ ശേഷിയുള്ള ബെസ് പദ്ധതിയാണിത്. ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. 550 കോടി രൂപ മുതൽ മുടക്ക് വരുന്ന പദ്ധതി മുൻകൂർ പേയ്‌മെന്റ് നൽകാതെ താരിഫ് അടിസ്ഥാനമാക്കി ബിൽഡ് ഓൺ ഓപ്പറേറ്റ് (ബി.ഒ.ഒ.) മാതൃകയിലാണ് നടപ്പാക്കുന്നത്. നിർമ്മാണച്ചെലവിൽ 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് ആയി കേന്ദ്ര സർക്കാർ നൽകും. അധിക ബാദ്ധ്യത വരാതെ പീക്ക് സമയത്തെ വൈദ്യുതി വാങ്ങൽച്ചെലവിൽ കുറവ് വരുന്ന തുകയും നൽകാനാകും. സോളാർ എനർജി കോർപറേഷൻ ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബി പദ്ധതി നടപ്പാക്കുന്നത്. പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്നുൾപ്പെടെ പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കാനാകും.