ഡോ. വിനയ് ഗോയൽ മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു
മലപ്പുറം: ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി ഡോ.വിനയ് ഗോയൽ ചുമതലയേറ്റു. ഇന്നലെ രാവിലെ 9.30ന് കളക്ടറേറ്റിലെത്തിയ വിനയ് ഗോയലിന് മുൻ കളക്ടർ വി.ആർ.വിനോദ് ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു. എ.ഡി.എം കെ.ദേവകി, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, സിവിൽ സ്‌റ്റേഷനിലെ മറ്റുദ്യോഗസ്ഥർ എന്നിവർ പുതിയ കളക്ടറെ സ്വീകരിക്കാൻ എത്തിയിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇ-ഹെൽത്ത് കേരള പ്രൊജക്ട് ഡയറക്ടർ, തിരുവല്ല സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ, കേരള റോഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറി, സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ പദവികൾ വഹിച്ചിട്ടുണ്ട്. ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ആദ്യ പരിഗണന തിരഞ്ഞെടുപ്പ്
മുൻ കളക്ടർ വി.ആർ.വിനോദ് തുടങ്ങിവച്ച പദ്ധതികൾക്ക് തുടർച്ചയുണ്ടാകുമെന്ന് ചുമതലയേറ്റ ശേഷം കളക്ടർ ഡോ.വിനയ് ഗോയൽ പറഞ്ഞു. അടുത്തു നടക്കാൻ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പ് സമാധാനപരമായും കുറ്റമറ്റ രീതിയിലും നടത്തുക എന്നതാണ് ഒന്നാമത്തെ പരിഗണന. തീരപ്രദേശവും മലയോര മേഖലകളും എല്ലാമുള്ള, ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ജില്ലയുടെ സമഗ്ര പുരോഗമനത്തിനായുള്ള ശ്രമങ്ങൾ നടത്തും. ജിവിതശൈലീ രോഗങ്ങൾ, വീടുകളിലെ പ്രസവം, പട്ടികവർഗ വിഭാഗക്കാരുടെ ആരോഗ്യ ഉന്നമനം തുടങ്ങി ആരോഗ്യമേഖലയിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും ഡോ.വിനയ് ഗോയൽ പറഞ്ഞു.