മോഷണക്കുറ്റം ആരോപിച്ച് 24കാരിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷൻ കമ്മിറ്റി
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷൻ കമ്മിറ്റി. വിദ്യാനഗർ ആലമ്പാടി നാലത്തടുക്ക സ്വദേശി കെ.വൈ ജലീലിന്റെയും മുംതാസിന്റെയും മകൾ ജസീല (24) ആണ് മരിച്ചത്. മക്കളുടെ കാര്യത്തിൽ സംശയമുണ്ടെന്നും ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ജസീലയോട് ഭർത്താവ് ആവശ്യപ്പെട്ടതായി ആക്ഷൻ കമ്മിറ്റി പറഞ്ഞു. ജസീലയുടെ കയ്യിൽ നിന്ന് സുഹൃത്ത് അഫ്രീദ് പണം വാങ്ങിയതിൽ അന്വേഷണം വേണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ജസീലയുടെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
ചെയ്യാത്ത തെറ്റിന്റെ പേരിലാണ് അപമാനം നേരിടേണ്ടി വന്നതെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. യുവതിക്ക് ആറും നാലും വയസുള്ള രണ്ടു മക്കളുണ്ട്.
ഫെബ്രുവരി 15നാണ് ജസീലയെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മരണത്തിന് പിന്നാലെ യുവതിയുടെ വീഡിയോ സന്ദേശം കുടുംബം പുറത്തുവിടുകയായിരുന്നു. മുളിയാർ പൊവ്വലിലെ ഭർതൃവീട്ടിന് സമീപത്തെ ആയിഷയും മകനും ജസീലക്കെതിരെ സ്വർണ്ണ മോഷണ കുറ്റം ആരോപിച്ചിരുന്നു. ഒമ്പതര പവന്റെ സ്വർണ്ണാഭരണങ്ങൾ വീട്ടിൽ നിന്നും കാണാതായെന്നായിരുന്നു പരാതി. എന്നാൽ വീണ്ടും ചോദ്യം ചെയ്തപ്പോൾ അഞ്ചര പവനാണ് കാണാതായതെന്നും എടുത്തത് ജസീല ആണെന്നും ആയിഷ പരാതി നൽകി.
തുടർന്ന് ആദൂർ പൊലീസ് യുവതിയെ ചോദ്യംചെയ്ത് മൊഴിയെടുത്ത് വിട്ടയച്ചു. മോഷണത്തിനുപിന്നിൽ ആയിഷയുടെ ഇളയ മകനാകാൻ സാദ്ധ്യതയുണ്ടെന്ന് ജസീല പറഞ്ഞിരുന്നു. ആയിഷയും കുടുംബവും യുവതിയുടെ ആലംപാടിയിലെ വീട്ടിലെത്തി സ്വർണ്ണം ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലടക്കം നടന്ന അധിക്ഷേപത്തിൽ മനംനൊന്താണ് യുവതി വിഷം കഴിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്നും ജസീല വീഡിയോയിൽ പറഞ്ഞിരുന്നു.