ഒറ്റദിവസം കൊണ്ട് സ്വർണവിലയിൽ വൻവർദ്ധനവ്; പവന് 2,320 രൂപ കൂടി, മാർച്ച് മാസത്തിൽ സംഭവിക്കാൻ പോകുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 2,320 രൂപ കൂടി 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കംമുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത്. ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും കാരണമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ശക്തമാക്കുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ വൻകിട ഹെഡ്‌ജ് ഫണ്ടുകൾ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ചു. ഇതോടൊപ്പം നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതും വിപണിയിൽ സമ്മർദ്ദം ശക്തമാക്കി.
ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവ പ്രഖ്യാപിക്കാൻ മറ്റ് നിയമങ്ങൾ ഉപയോഗിച്ചേക്കാമെന്ന ആശങ്കയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നത്. എന്നാൽ ഇപ്പോഴത്തെ തിരുത്തൽ താത്കാലികമാണെന്നും വില വരും ദിവസങ്ങളിൽ വീണ്ടും കുതിച്ചേക്കുമെന്നും അനലിസ്‌റ്റുകൾ പ്രവചിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 295 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.