അടുക്കളയിലെത്തിയ ഭീമൻ മൂർഖൻ കയറിയിരുന്നത് ഒട്ടുംപ്രതീക്ഷിക്കാത്തയിടത്ത്, വാവ കൊടുത്ത വെള്ളം മുഴുവനും കുടിച്ചു
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിന് സമീപത്തുള്ള ഒരു വീട്ടിലാണ് സ്‌നേക്ക്‌മാസ്റ്റർ സംഘവും വാവാ സുരേഷും എത്തിയിരിക്കുന്നത്. വീട്ടമ്മ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്നാണ് ഉച്ചത്തിലുള്ള ഒരു ചീറ്റൽ ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ പാമ്പിഴഞ്ഞ് അടുക്കളയിലേക്ക് പോകുകയായിരുന്നു.കുഞ്ഞു മകനുള്ള വീടായതിനാൽ അവർ ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ സുരേഷ് അടുക്കളയിൽ തിരച്ചിൽ നടത്തി.
ഒടുവിൽ പാമ്പ് ഇരുന്ന സ്ഥലം കണ്ടെത്തി. വിറകുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്തായിരുന്നു പാമ്പിനെ കണ്ടത്. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പായിരുന്നു. അത് വാവയുടെ നേരെ കുതിച്ചുചാടുകയും നിർത്താതെ ചീറ്റുകയും ചെയ്തുകൊണ്ടിരുന്നു. വലിയ ശബ്ദത്തിലാണ് മൂർഖൻ ചീറ്റിക്കൊണ്ടിരുന്നത്. കടുത്ത ചൂടായതിനാൽ വെള്ളം കുടിക്കാൻ എത്തിയതാണെന്ന് വാവ സുരേഷിന് മനസിലായി. തുടർന്ന് വെള്ളം നൽകിയപ്പോൾ പാമ്പ് അത് മുഴുവൻ കുടിച്ചു. തിരുവനന്തപുരത്തെ അണ്ടൂർക്കോണം, പോത്തൻകോട് എന്നീ ഭാഗങ്ങളിൽ മൂർഖനും അണലിയും കൂടുതലായുണ്ടെന്നും വാവ പ്രേക്ഷകരോട് പറഞ്ഞു. അതുപോലെ നിങ്ങളുടെ വീടിനു സമീപത്ത് കാക്കകൾ നിർത്താതെ കരയുകയും കരിയില കിളികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക, പൂച്ചകൾ രോമം കൂർപ്പിച്ച് അസാധാരണമായ രീതിയിൽ കരയുക, നായ്ക്കൾ കുരയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചുറ്റുപാടും നിരീക്ഷിക്കുകയെന്നും വാവ പറഞ്ഞു. സാഹസിക രംഗങ്ങളും അപൂർവ്വ കാഴ്ചകളുമായി എത്തിയ 'സ്നേക്ക് മാസ്റ്ററിന്റെ' ഈ എപ്പിസോഡ് കാണുക.