ഗൾഫ് രാജ്യങ്ങൾ ഭീതിയിൽ; അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ, മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ആശങ്കയിൽ

Saturday 28 February 2026 4:09 PM IST

ദുബായ്: അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ഭീതിയിൽ ഗൾഫ് രാജ്യങ്ങൾ. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ദോഹയിലുടനീളം സ്ഫോടനങ്ങൾ നടക്കുന്നതായാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അബുദാബിയിലെ അൽ ദഫ്ര വ്യോമതാവളം യുഎഇ-യുഎസ് എന്നീ രാജ്യങ്ങളിലെ വ്യോമസേനകൾ ഒരുമിച്ചാണ് പങ്കിടുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി യുഎഇ നേരത്തെ തങ്ങളുടെ വ്യോമാതിർത്തി താൽക്കലികമായി അടച്ചിട്ടതായാണ് വിവരം. അമേരിക്കയുടെ ബഹ്‌റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണങ്ങൾ നടന്നു. കുവൈറ്റിൽ സൈറൺ മുഴക്കി ജനങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് നൽകി കഴിഞ്ഞു.

അവശ്യസാധനങ്ങൾ കരുതാനും ജനലുകളില്ലാത്ത മുറി തിരഞ്ഞെടുക്കാനും വീടിനുള്ളിലെ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ജനങ്ങൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. അതിനിടെ, ഖത്തറിലേക്ക് എത്തിയ മിസൈൽ തടഞ്ഞതായും വിവരമുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ബഹ്‌റൈൻ പ്രതികരിച്ചു.

അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്കയിലായിരിക്കുകയാണ് ഇന്ത്യ. മലയാളികളിലധികം പേരും ജോലി ചെയ്യുന്ന ഗൾഫ് മേഖലകളിലാണ് ആക്രമണങ്ങൾ നടക്കുന്നത്.