മലയാളികൾക്ക് വമ്പൻ സർപ്രെെസ്; പണം തിരിച്ചുകിട്ടും, അറിയിപ്പുമായി കെഎസ്ഇബി

Saturday 28 February 2026 7:16 PM IST

തിരുവനന്തപുരം: മാർച്ച് മാസത്തിൽ ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ഇബി അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

മാർച്ച് മാസത്തിൽ കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ കുറവാണ് കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് (-)2 പൈസ/യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്.

മാർച്ച് മാസത്തെ ബില്ലിൽ കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കും. ഫെബ്രുവരി മാസത്തിലും ഇന്ധനസർചാർജ് ഇളവ് നൽകിയിരുന്നു.

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff Amendment Regulations പ്രകാരം 2023 ഏപ്രിൽ മുതൽ, ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സർചാർജ് സ്വീകരിച്ചുവരുന്നത്.