കേരളത്തിലെ ഏത് പ്രധാന ടൗണിൽ പോയാലുമുള്ള പ്രധാന പ്രശ്‌നം, ഇവിടെയും ജനങ്ങൾ ആശ്രയിക്കുന്നത് ഒഴിഞ്ഞ ഇടങ്ങളെ

Saturday 28 February 2026 7:31 PM IST

നാദാപുരം: നാദാപുരം ടൗണിൽ പൊതു ശൗചാലയമില്ലാത്തത് നിമിത്തം യാത്രക്കാർ ദുരിതത്തിലായി. തലശ്ശേരി, വടകര, കുറ്റിയാടി ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകൾ നാദാപുരം ടൗണിലാണ് സംഗമിക്കുന്നത്. വയനാട്, മൈസൂർ, വിലങ്ങാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സർവീസ് നടത്തുന്ന നിരവധി വാഹനങ്ങൾ നാദാപുരം ടൗണിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു ഭാഗത്ത് നിന്നെത്തുന്ന ബസുകളിൽ നിന്ന് ഇറങ്ങി നീണ്ട കാത്തിരിപ്പിന് ശേഷം മറ്റൊരു ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറി യാത്ര ചെയ്യേണ്ട വിവിധ ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള നിരവധി പേർ ദിവസവും നാദാപുരത്ത് എത്തുന്നുണ്ട്. എന്നാൽ യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം നാദാപുരത്തില്ല. ഇത് നിമിത്തം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള യാത്രക്കാരും ടൗണിലെ കച്ചവടക്കാരുമാണ്.

മുമ്പ് നാദാപുരം ബസ് സ്റ്റാന്റിനോടനുബന്ധിച്ച് ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്റ് പൊളിച്ചു മാറ്റിയതോടെ ശൗചാലയവും മറ്റും ഇല്ലാതായി. ഒന്നര വർഷത്തോളമായി ഈ ദുർഗതി ആരംഭിച്ചിട്ട്. ജനങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും നാദാപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നാദാപുരത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ അടിയന്തിരമായി ഉണ്ടാക്കണം. ഗ്രാമ പഞ്ചായത്ത് അധികൃതരുടെ സത്വര ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവണം.

സോമൻ. കെ, വെൽഡിംഗ് തൊഴിലാളി

ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നവരാകണം ജനനായകർ. പഞ്ചായത്ത് അധികൃതർ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കണം. വിവിധ രാഷ്ട്രീയ പാർട്ടികളും അവരുടെ പങ്ക് നിർവഹിക്കണം.

അക്ഷയ് കെ.കെ, വിദ്യാർത്ഥി