ആലുവ കോടതി നിർമ്മാണം: തൊഴിലാളികൾ തമ്മിൽ ഏരിയാ തർക്കം, നിർമ്മാണ സാമഗ്രിയുമായെത്തിയ ലോറി ആറ് മണിക്കൂർ കുടുങ്ങി
ആലുവ: ആലുവ കോടതി സമുച്ചയ നിർമ്മാണ സ്ഥലത്തേക്ക് സാധന സാമഗ്രികളുമായെത്തിയ ലോറി കയറ്റിയിറക്ക് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ആറ് മണിക്കൂറോളം കുടുങ്ങി. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ എത്തിയ ലോറിയിൽ നിന്ന് പൊലീസ്, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് സാധനങ്ങൾ ഇറക്കിയത് വൈകിട്ട് മൂന്ന് മണിയോടെയാണ്.
അഞ്ച് മണിയോടെ സാധനങ്ങളുമായി ലോറി നിർദ്ദിഷ്ട കോടതിക്ക് സമീപം എത്തിയെങ്കിലും ഒമ്പത് മണിയോടെയാണ് സീനത്ത് കവലയിലെ ഐ.എൻ.ടി.യു.സിക്കാരായ ചുമട്ടുതൊഴിലാളികളും പവർഹൗസ് കവലയിലെ സി.ഐ.ടി.യുക്കാരായ ചുമട്ടുതൊഴിലാളികളും എത്തിയത്. ഇരുകൂട്ടരും തങ്ങളുടെ ഏരിയയാണെന്നാണ് അവകാശപ്പെട്ടതോടെ തർക്കമായി.
നിർദ്ദിഷ്ഠ കോടതിക്ക് സമീപത്ത് നിന്ന് 100 മീറ്റർ മാറിയാണ് സാധനങ്ങൾ ഇറക്കിയത്. തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള സാധനങ്ങളായിരുന്നു ഏറെയും. കുന്നംകുളത്ത് നിന്നും സാധനങ്ങളുമായെത്തിയ ലോറിയുടെ ഡ്രൈവർ എടപ്പാൾ സ്വദേശി ഷുഹൈബ് റംസാൻ നോമ്പിനിടയിലാണ് ദുരിതത്തിലായത്.
ഭരണസ്വാധീനം കാട്ടിയെന്ന് ആരോപണം
സീനത്ത് കവലയിലെ യൂണിയന് ലേബർ വകുപ്പിന്റെ 26 കാർഡ് മാത്രമാണുള്ളതെന്നും തങ്ങൾക്ക് 26 കാർഡിന് പുറമെ 6 എ കാർഡും ഉണ്ടെന്നാണ് പവർഹൗസ് ഭാഗത്തെ യൂണിയൻ അംഗങ്ങൾ അവകാശപ്പെട്ടത്. പഴയ കോടതി കെട്ടിടം പൊളിച്ചപ്പോൾ കയറ്റിയിറക്ക് ജോലി ചെയ്തത് തങ്ങളാണെന്നും 6 എ കാർഡ് ക്ഷേമനിധി ആനുകൂല്യത്തിനാണെന്നും 26 കാർഡ് ആണ് തൊഴിലാളികളുടെ അംഗീകൃത കാർഡ് എന്നുമാണ് സീനത്ത് യൂണിറ്റിലെ അംഗങ്ങളുടെ നിലപാട്.
തർക്കം മുറുകിയപ്പോൾ ലേബർ വകുപ്പ് ഉദ്യോഗസ്ഥരെത്തി പവർ ഹൗസ് ഭാഗത്തെ തൊഴിലാളികൾക്ക് അനുകൂലമായ നിലപാടെടുത്തു. എന്നിട്ടും തർക്കം തീരാതായപ്പോൾ പൊലീസ് ഇടപെട്ടു. ലേബർ വകുപ്പിന്റെ നിർദ്ദേശം അംഗീകരിക്കണമെന്നായിരുന്നു നിലപാട്.
പൊലീസിന്റെയും ലേബർ വകുപ്പിന്റെ കടുത്ത സമ്മർദ്ദത്തിൽ സീനത്ത് കവലയിലെ യൂണിയൻ അംഗങ്ങൾ പിന്മാറിയതോടെയാണ് സാധനങ്ങൾ ഇറക്കാൻ കഴിഞ്ഞത്.സമീപം മൂന്ന് വർഷം മുമ്പ് പൊലീസ് സ്റ്റേഷൻ നിർമ്മാണഘട്ടത്തിലും സമാനമായ തർക്കം ഉണ്ടായെന്നും അന്ന് രണ്ട് യൂണിയനുകളും ചേർന്നാണ് കയറ്റിയിറക്ക് ജോലികൾ ചെയ്തതെന്നും സീനത്ത് കവലയിലെ തൊഴിലാളികൾ പറയുന്നു. ഭരണ സ്വാധീനത്തിൽ പൊലീസിനെയും ഉദ്യോഗസ്ഥരെയും ദുരുപയോഗിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.