ആനക്ഷാമം: പൊലിമയില്ലാ ഉത്സവങ്ങൾ

Sunday 01 March 2026 1:05 AM IST

തൃപ്പൂണിത്തുറ: എഴുന്നള്ളിപ്പിന് ആനകളെ കിട്ടാതെ ഉത്സവക്കമ്മിറ്റികൾ പ്രതിസന്ധിയിൽ. ഏക്കം ഇരട്ടിയായി. ചോദിക്കുന്ന പണം കൊടുത്താലും ആന വരുമെന്ന് ഉറപ്പില്ല. ചെറിയ ക്ഷേത്രങ്ങൾ ആഘോഷം ചുരുക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം ഏക്കമാണ് ഇത്തവണ ആനകൾക്ക്. ഉത്സവങ്ങൾ ഏറെയുള്ള ചില ദിനങ്ങളിൽ ഒരാനയ്ക്ക് ലക്ഷങ്ങൾ നൽകണം. മുൻകൂർ തുക നൽകിയിട്ടും അവസാന നിമിഷം വലിയ ഉത്സവങ്ങളിലേക്ക് ആന മാറിപ്പോകുന്ന സംഭവങ്ങളും ഉണ്ടാകുണ്ട്.

നാട്ടാനകളുടെ എണ്ണം കുറയുന്നതും എഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾ കർശനമായതും ആരോഗ്യപരിശോധനാ മാനദണ്ഡങ്ങൾ ശക്തമാക്കിയതും മൂലമാണ് പ്രതിസന്ധി. ചെറിയ ക്ഷേത്രങ്ങളുടെ ആനയെഴുന്നള്ളിപ്പ് താമസിയാതെ നിന്നുപോയാലും അത്ഭുതപ്പെടാനില്ല. താങ്ങാനാകാത്ത നിരക്ക് മൂലം ഗ്രാമപ്രദേശങ്ങളിലെ ചെറിയ ക്ഷേത്രകമ്മിറ്റികൾ ആനകളെ ഒഴിവാക്കി തുടങ്ങി. ഉത്സവങ്ങളുടെ പാരമ്പര്യ ഭംഗി നിലനിറുത്തുന്നതിനും സാമ്പത്തിക ബാദ്ധ്യത കൈകാര്യം ചെയ്യുന്നതിനും ഇടയിൽ സംഘാടകർ കുടുങ്ങിക്കിടക്കുകയാണ്.

പ്രശസ്തരായ ആനകൾക്ക് ദിവസം 14 ലക്ഷം രൂപവരെ പ്രതിഫലമുണ്ട്. സാധാരണ ആനകൾക്ക് ഏകദേശം ഒന്നരലക്ഷം രൂപയാകും. ഇടനിലക്കാരുടെ നിയന്ത്രണത്തിലാണ് ഇപ്പോഴും ആന ബുക്കിംഗ്. വരുമാനത്തിന്റെ നല്ലൊരുഭാഗവും ഇവരുടെ കൈകളിലേക്കാണ് എത്തുന്നത്. സീസൺ കഴിഞ്ഞാലും ആനയുടെ പരിപാലന ചെലവായും ചികിത്സയ്ക്കുമായി വലിയ തുക വേണ്ടിവരും. ആനക്കമ്പം കൊണ്ടാണ് ചെറുകിട ഉടമകൾ പലരും നഷ്ടത്തിലാണെങ്കിലും ആനകളെ കൊണ്ടുനടക്കുന്നത്. നിയമപ്രകാരം കൈമാറാനും സാധിക്കില്ല.

ബുക്കിംഗ് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം ആനയെ ഒരുക്കുന്നതിന് ഏജന്റുമാരുടെ സഹായം അനിവാര്യമാണ്. സാധാരണ ആനയ്ക്ക് പ്രതിവർഷം ഏകദേശം 25 ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും, ജീവനക്കാരുടെ ശമ്പളം, തീറ്റ, വൈറ്റമിൻ മരുന്നുകൾ, വെറ്ററിനറി ഡോക്ടർ ചെലവ് തുടങ്ങിയവയ്ക്കായി ഇത് മുഴുവനും ചിലപ്പോൾ ചെലവഴിക്കേണ്ടിവരും. തീറ്റപ്പുല്ലിന് ദിവസേന ഏകദേശം 3,000 രൂപയും വൈറ്റമിനുകൾക്ക് 2,000 രൂപയും ചെലവാകുന്നു.

2018ലെ സെൻസസ് പ്രകാരം 521 നാട്ടാനകൾ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷമായപ്പോൾ 389 ആയി. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാനുള്ള നിയമതടസവും ഇവിടെ ആനപിടുത്തത്തിന് വിലക്കുമുള്ളതിനാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ആനകളുടെ എണ്ണം നാമമാത്രമാകും.

കേരളത്തിലെ ആനക്കണക്ക്

ജില്ല 2018 2025

തിരുവനന്തപുരം 48 - 34

കൊല്ലം 61 - 57

പത്തനംതിട്ട 25 - 24

ആലപ്പുഴ 20- 17

കോട്ടയം 64 - 60

ഇടുക്കി 48 - 8

എറണാകുളം 23 -24

തൃശൂർ 145 - 101

പാലക്കാട് 55 - 25

മലപ്പുറം 7 - 13

കോഴിക്കോട് 12 - 10

വയനാട് 10 - 9

കണ്ണൂർ 3 - 7