ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം കുതിക്കുന്നു

Sunday 01 March 2026 12:32 AM IST

63.6 ശതമാനം വിഹിതവുമായി ഇൻഡിഗോ മേധാവിത്തം

കൊച്ചി: ജനുവരിയിൽ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 4.36 ശതമാനം ഉയർന്ന് 1.52 കോടിയായെന്ന് ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) വ്യക്തമാക്കി. ഇൻഡിഗോ, എയർ ഇന്ത്യ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റ്, ആകാശ എന്നീ കമ്പനികളുടെ വിമാനങ്ങളിലായി 1.46 കോടി യാത്രക്കാരാണ് ഇക്കാലയളവിൽ പറന്നത്. രാജ്യത്തെ വ്യോമയാന വിപണിയിൽ 63.6 ശതമാനം വിഹിതവുമായി ഇൻഡിഗോയാണ് മുൻനിരയിൽ. പൈലറ്റുമാരുടെ ക്ഷാമത്താൽ വ്യാപകമായി സർവീസ് റദ്ദാക്കിയതോടെ ഡിസംബറിൽ ഇൻഡിഗോയുടെ വിപണി വിഹിതം നാല് ശതമാനം ഇടിഞ്ഞിരുന്നു. ജനുവരിയിൽ കമ്പനി ശക്തമായി വിപണി തിരിച്ചുപിടിച്ചു. 97.4 ലക്ഷം പേരാണ് ഇക്കാലയളവിൽ ഇൻഡിഗോയിൽ യാത്ര ചെയ്തത്. എയർ ഇന്ത്യ ഗ്രൂപ്പിന്റെ വിപണി വിഹിതം മൂന്ന് ശതമാനം കുറഞ്ഞ് 26.5 ശതമാനമായി.