ഇന്ത്യൻ വിദഗ്ദ്ധർ വിദേശത്തു നിന്ന് തിരിച്ചൊഴുകും: ഡോ.ജിതേന്ദ്രസിംഗ്
തിരുവനന്തപുരം: ഇന്ത്യയിൽ വരാനിരിക്കുന്നത് ബ്രെയിൻ ഗെയിനിന്റെ കാലമാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. അഞ്ചാമത് പി.പരമേശ്വരൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസം നേടിയ വിദഗ്ദ്ധരായ യുവാക്കൾ അവസരങ്ങൾ തേടി വിദേശങ്ങളിലേക്ക് കുടിയേറുന്നതായിരുന്നു രാജ്യത്തിന്റെ വിഷമം. വികസിതഭാരതത്തിലേക്ക് മാറാൻ തുടങ്ങിയതോടെ ഇന്ത്യയിലേക്ക് വിദഗ്ദ്ധരുടെ തിരിച്ചൊഴുക്ക് തുടങ്ങുകയാണ്. 20നും 30നും ഇടയിൽ പ്രായമുള്ളവരുടെ വമ്പൻ അവസരങ്ങളാണ് ഇന്ത്യയിലുണ്ടാകാൻ പോകുന്നത്. വികസനത്തിന് അനുയോജ്യമായ ഇക്കോസിസ്റ്റം രാജ്യത്തുണ്ടായി. അതിന്റെ നേട്ടം എല്ലാ മേഖലയിലുമുണ്ട്. ഇന്ന് രണ്ടുലക്ഷം സ്റ്റാർട്ടപ്പുകളുണ്ട്. അതിൽ 21ലക്ഷം പേർ പണിയെടുക്കുന്നു . 2014ൽ ഗ്ളോബൽ ഇനവേഷൻ ഇൻഡക്സിൽ ഇന്ത്യ 81ാമത്തെ റാങ്കിലായിരുന്നു. ഇപ്പോൾ 38ാമതെത്തി. 2047ൽ ഭാരതം വികസിതരാജ്യമാകും. അതിനുള്ള കുതിപ്പിനാണിപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷനായി. വി.എസ്.എസ്.സി ഡയറക്ടർ എ.രാജരാജൻ ആശംസ നേർന്നു. സി.വി.ജയമണി സന്നിഹിതനായിരുന്നു. ഡോ.എൻ.സന്തോഷ്‌കുമാർ സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.