പൊലീസ് ഡ്രൈവർമാർക്ക് പ്രൊമോഷന് 51തസ്തിക, തൊഴിലുറപ്പ് കരാർ ജീവനക്കാർക്ക് വേതനം കൂട്ടി
തിരുവനന്തപുരം: പൊലീസിൽ 51അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോൺസ്റ്റബിൾ ഡ്രൈവർമാരുടെ തുല്യഎണ്ണം തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 12 അസി. സബ് ഇൻസ്പെക്ടർ ഡ്രൈവർ, 35 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ എന്നിങ്ങനെയാണ് 51 അധിക തസ്തികകൾ സൃഷ്ടിക്കുക.
കണ്ണൂർ റൂറൽ പൊലീസ് ജില്ലയിൽ നാല് തസ്തികകളോട് കൂടി പുതിയ ഫിംഗർപ്രിന്റ് ബ്യൂറോ സ്ഥാപിക്കും. ടെസ്റ്റർ ഇൻസ്പെക്ടർ - 1, ഫിംഗർപ്രിന്റ് എക്സ്പർട്ട് - 2, ഫിംഗർപ്രിന്റ് സെർച്ചർ - 1 എന്നിങ്ങനെയാണ് തസ്തികകൾ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ വേതനം ഏപ്രിൽ ഒന്നു മുതൽ 10ശതമാനം കൂട്ടും
ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ ‘സുശക്തി’ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കും.
ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ 2024-25 അദ്ധ്യയന വർഷത്തെ തസ്തിക നിർണയം അംഗീകരിക്കും.
ഏരിയ ഇൻസന്റീവ് പ്രോഗ്രാം പ്രകാരമുള്ള സ്കൂളുകളിൽ 2021 സെപ്തംബർ 9ന് മുമ്പ് നിയമനം ലഭിച്ച 34 അദ്ധ്യാപകർക്കും ഒരു അനദ്ധ്യാപകനും വ്യവസ്ഥകളിൽ ഇളവ് നൽകി അംഗീകാരം നൽകും.
കിൻഫ്രയിൽ സർക്കാർ അംഗീകൃത തസ്തികയിലെ സ്ഥിരം ജീവനക്കാർക്ക് 2022 ജൂൺ 20 മുതലുള്ള പതിനൊന്നാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2019 മാർച്ച് വരെയുള്ള 50.01 കോടി രൂപയുടെ സർക്കാർ വായ്പയും പലിശയും പിഴ പലിശയും ചേർത്തുള്ള 76.22 കോടി രൂപ ഓഹരി മൂലധനമായി മാറ്റുന്നതിന് തീരുമാനിച്ചു. അംഗീകൃത ഓഹരി വിഹിതം 81.22 കോടി രൂപയായി വർദ്ധിപ്പിക്കും.
ആസൂത്രണ സമ്പത്തികകാര്യ വകുപ്പ് ബ്യൂറോ ഒഫ് പബ്ലിക് എന്റർപ്രൈസസ് ഡയറക്ടർ മനോജ് എൻ.കെയുടെ നിയമന കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.