മാറാത്തത് മാറ്റാനാണ് ബി.ജെ.പി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്: രാജീവ് ചന്ദ്രശേഖർ
കോഴിക്കോട്: മാറാത്തത് മാറ്റാനാണ് ഇക്കുറി ബി.ജെ.പി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇടത് - വലത് -ജിഹാദി കൂട്ടുകെട്ടിനെതിരെ സുരക്ഷിത കേരളത്തിനായി എന്ന മുദ്രാവാക്യം ഉയർത്തി ബി.ജെ.പി സംഘടിപ്പിച്ച ജാഗ്രതാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 70 കൊല്ലം മാറി മാറി ഭരിച്ചിട്ടും സി.പി.എമ്മിനും യു.ഡി.എഫിനും നാട് നന്നാക്കാൻ സാധിച്ചില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചു. മാറ്റം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് നാടിന്റെ ഭാവിയും ദിശയും തീരുമാനിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ഭീകരവാദം തുടങ്ങിയവയെല്ലാം ചർച്ച ചെയ്യണം. വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യമാണ്. അതിനാണ് ബി.ജെ.പി രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി മേഖല പ്രഭാരി അഡ്വ. വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. റാലിയിൽ ഭീകരവിരുദ്ധ ജ്വാല തെളിയിച്ചു. എം.ടി രമേശ്, എസ് സുരേഷ്, ഡോ. എം അബ്ദുൽസലാം, ഇ ദേവദാസ്, സി.ആർ പ്രഫുൽ കൃഷ്ണൻ ,അഡ്വ. കെ.പി പ്രകാശ് ബാബു എന്നിവർ പ്രസംഗിച്ചു.
വികസന കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്ന്
കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി പത്തുവർഷം ഭരിച്ചിട്ട് എന്ത് വികസനമാണ് ഉണ്ടായതെന്ന വിഷയത്തിൽ സി.പി.എമ്മുമായി സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വികസന കാര്യത്തിൽ പ്രതിപക്ഷവുമായും മുഖ്യമന്ത്രിയുമായും തുറന്ന ചർച്ചയ്ക്ക് തയ്യാറാണ്. വികസനം, വിശ്വാസ സംരക്ഷണം, സുരക്ഷിതകേരളം എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണ് ബി.ജെ.പി ജനങ്ങൾക്ക് മുന്നിലേക്ക് ഇറങ്ങുന്നത്. കേരള സ്റ്റോറി സിനിമ കാണാനും കാണാതിരിക്കാനും ആളുകൾക്ക് അവകാശമുണ്ട്. ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു. തന്ത്രിയാണ് കുറ്റക്കാരനെന്ന ആഖ്യാനം സൃഷ്ടിച്ച് കടകംപള്ളിയെയും വാസവനെയും രക്ഷപ്പെടുത്താനായിരുന്നു തന്ത്രം. മുസ്ലിം സമൂഹവുമായുള്ള ബി.ജെ.പി ബന്ധം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചോ വോട്ടുപിടിക്കാനോ അല്ല.