പുതുയുഗ യാത്രയ്ക്ക് ജി​ല്ലയി​ൽ ഉജ്ജ്വല വരവേല്പ് ആരോഗ്യമന്ത്രി വീട്ടിൽ ഒളിച്ചിരിക്കുന്നു: വി.ഡി. സതീശൻ

Sunday 01 March 2026 12:20 AM IST
യു.ഡി.എഫിന്റെ പുതുയുഗയാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകർ തോളിലേറ്റി വേദിയിലേക്ക് ആനയിക്കുന്നു

പത്തനാപുരം : ആരോഗ്യ മേഖലയിലെ പ്രശ്‌​നങ്ങൾക്ക് പരിഹാരം കാണാനാകാതെ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരു മന്ത്രിയാണ് നമുക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് പത്തനാപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന കഥ ഏഴ് നിലയിൽ പൊട്ടി. എന്നിട്ടും അതിന്റെ പേരിൽ സി.പി.എം ആക്രമം തുടരുകയാണ്. വീണാ ജോജ്ജിനെ ആക്രമിച്ചെന്ന പേരിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ എടുത്ത സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരിന്റെ അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുന്നുവെന്നതിന്റെ തെളിവാണ് പുതുയുഗയാത്രയ്ക്ക് ലഭിക്കുന്ന വൻസ്വീകരണം. നൂറ് സീറ്റിലേറെ നേടി യു.ഡിഎ.ഫ് അധികാരത്തിലെത്തും. സിപിഎം പ്രവർത്തകർ ഇപ്പോൾ കാട്ടുന്ന അതിക്രമങ്ങൾക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരത്തെ സ്വീകരണം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.ആർ. മഹേഷ് എം.എൽ.എ, കൊല്ലം മേയർ എ.കെ. ഹഫീസ്, കെ.സി രാജൻ, പി. രാജേന്ദ്ര പ്രസാഗ്, ആർ. ചന്ദ്രശേഖരൻ, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, അഡ്വ. എ. ഷാനവാസ്ഖാൻ, പി.ജെർമിയാസ്, സൂരജ് രവി, എം.എം നസീർ, സൈമൺ അലക്‌​സ്, ജ്യോതികുമാർ ചാമക്കാല, ഉല്ലാസ് കോവൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരി​ച്ചു,

കൊല്ലം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം ഇന്നലെ പൂർത്തിയാക്കി. പത്താനാപുരത്തിനു പുറമേ, പുനലൂർ, ചടയമംഗലം, എഴുകോൺ, ഭരണിക്കാവ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെത്തെ സ്വീകരണം. കരുനാഗപ്പള്ളി, ചവറ, ചാത്തന്നൂർ, കുണ്ടറ, ഇരവിപുരം, കൊല്ലം എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുതുയുഗ യാത്രയെത്തും.