ശബ്ദം കളഞ്ഞ് പനി, ദുരിതത്തിൽ നാട്

Sunday 01 March 2026 12:51 AM IST

വിട്ടുമാറാത്ത ചുമയിൽ വലഞ്ഞ് ജനം

കൊല്ലം: പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്നതി​നി​ടെ രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത ചുമ ആളുകളെ വലയ്ക്കുന്നു. തൊണ്ടയി​ലെ അണുബാധ കാരണം ദി​വസങ്ങളോളം പർക്കും ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്.

ചെറിയ പനിയിൽ തുടങ്ങി രണ്ടും നാലും ദിവസം ശക്തമായി പനിക്കുകയും ഒപ്പം തൊണ്ടയ്ക്ക് അണുബാധയുണ്ടാകുന്നതുമാണ് ഇപ്പോൾ പടരുന്ന പനിയുടെ രീതി. ശബ്ദമടപ്പ് മാറുന്നില്ലെന്നതാണ് പ്രത്യേകത. ദിവസത്തിനുള്ളിൽ പനി മാറിയാലും തൊണ്ടവേദനയും ചുമയും ക്ഷീണവും മാറാൻ ആഴ്ചകൾ വേണ്ടിവരും. പ്രായമേറിയവരിലും കുട്ടികൾക്കുമാണ് ചുമ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിവിധതരം ഇൻഫ്ലുവൻസ വൈറസ്, പാര ഇൻഫ്ലുവൻസ വൈറസ് എന്നിവയെല്ലാം പനിക്ക് കാരണമാകുന്നു എന്നാണ് ആരോഗ്യവിഭാഗം അധികൃതർ പറയുന്നത്. പനി മാറിയാലും പോസ്റ്റ് വൈറൽ കഫ് ആണ് വിട്ടുമാറാത്ത ചുമയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

വൈറൽ അണുബാധയ്ക്ക് ശേഷം ശ്വാസനാളിയിലുണ്ടാകുന്ന അമിതമായ സെൻസിറ്റിവി​റ്റിയും നീർക്കെട്ടും കാരണം ചുമ വിട്ടുമാറി​ല്ല. തൊണ്ടയിലെ അസ്വസ്ഥത, ശബ്ദം പരുക്കാനാകുക, തൊണ്ടയിൽ എന്തോ തടഞ്ഞ് നിൽക്കുന്നതായി​ തോന്നുക എന്നി​വയാണ് ലക്ഷണങ്ങൾ. ചെറിയ പൊടിപോലും ചുമയ്ക്ക് കാരണമാകാം. ആസ്ത്മ, വായുമലിനീകരണം എന്നിവയും ചുമ നീളാൻ കാരണമാകുന്നുണ്ട്.

സ്വയം ചികിത്സ വേണ്ട

പനിയോ ജലദേഷമോ ഉണ്ടായാൽ ആരംഭത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. സ്വയം ചി​കി​ത്സ രോഗം ഗുരുതരമാക്കും. ചുമ കടുത്താൽ എക്‌സ്‌റേ, പൾമനറി ഫംഗ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ കാണണം.

പ്രതിരോധം പ്രധാനം

 ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക  ആവി പിടിക്കുക  ഇളം ചൂടുവെള്ളം കുടിക്കുക

 ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കുക

 തണുത്ത ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക

 പുക, പൊടി എന്നിവയിൽ നിന്ന് അകന്നു നിൽക്കുക  കൃത്യമായ വിശ്രമം ഉറപ്പാക്കുക

 മാസ്‌ക് ധരിക്കുക  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവൽ കരുതുക

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഇത്തരത്തിൽ ചുമ കാണുന്നുണ്ട്. സ്വന്തം നിലയ്ക്ക് മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കും

ആരോഗ്യവിഭാഗം അധികൃതർ