ഇടറോഡ് റെഡിയായില്ല, കല്ലുംതാഴം ഇന്ന് അടയ്ക്കില്ല
കൊല്ലം: വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ട ഇടറോഡിന്റെ നവീകരണം പൂർത്തിയാകാത്തതിനാൽ, ആർ.ഒ.ബി നിർമ്മാണത്തിനായി ദേശീയപാതയിലെ കല്ലുംതാഴം ഇന്ന് അടയ്ക്കില്ല. ഇന്ന് മുതൽ ഒരുമാസത്തേക്ക് തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം നിരോധിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഈമാസം മൂന്ന് മുതൽ അടയ്ക്കാനാണ് നിലവിലെ സാദ്ധ്യത. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് അസി. പൊലീസ് കമ്മിഷണർ യോഗം വിളിച്ചിട്ടുണ്ട്.
കല്ലുംതാഴം അടയ്ക്കുമ്പോൾ വാഹനങ്ങൾ പ്രധാനമായും കടത്തിവിടേണ്ട പുളിയത്ത് മുക്ക്- കല്ലുംതാഴം റോഡിന്റെ നവീകരണം പൂർത്തിയാകാത്തതിനാൽ ഇന്നലെ രാത്രിയിലാണ് കളക്ടർ നിർദ്ദേശം നൽകിയത്. റീ ടീറിംഗ് പൂർത്തിയാകാൻ ഇനിയും രണ്ട് ദിവസം വേണ്ടിവരും. അതിന് പുറമേ കല്ലുംതാഴം, അയത്തിൽ അടിപ്പാതകളിലും ഇരുവശത്തേക്കുമുള്ള ഗതാഗതത്തിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ഈ ക്രമീകരണങ്ങൾ പൂർത്തിയാകാതെ കല്ലുംതാഴത്ത് ഗതാഗതം നിരോധിച്ചാൽ കുരുക്ക് രൂക്ഷമാകും. എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾക്ക് പോകുന്ന വിദ്യാർത്ഥികളും വലയും.
റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡർ സ്ഥാപിക്കാൻ കഴിഞ്ഞ 19 മുതൽ മാർച്ച് 31 വരെയാണ് റെയിൽവേ അനുമതി നൽകിയിരുന്നത്. ഈ സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും ഘട്ടംഘട്ടമായി സമയപരിധി നീട്ടി ആവശ്യപ്പെടാനാണ് കമ്പനിയുടെ നീക്കം. ഈമാസം 19 മുതൽ അടച്ചിടനായിരുന്നു നേരത്തെയുള്ള നീക്കം. ഇടറോഡുകൾ അടക്കം ഗതാഗത യോഗ്യമാക്കാനാണ് സമയം നീട്ടിയത്. റോഡ് പൂർണമായി അടയ്ക്കുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ശിവാലയ കമ്പനിയുടെ നേതൃത്വത്തിൽ 40 ട്രാഫിക് വാർഡൻമാരെ നിയോഗിക്കും. വഴിതിരിച്ചു വിടാനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.