പിടിവിടാതെ ചക്രവാതച്ചുഴി, മൂന്ന് വരെ ഇടിമിന്നൽ മഴ
40 കി.മീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യത
കൊല്ലം: ഇടിമിന്നലോടു കൂടി ജില്ലയിൽ നാലു ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന് മുകളിലെ ചക്രവാതച്ചുഴിയാണ് കാരണം. മാർച്ച് 3 വരെ മഴയുണ്ടാവും.
40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ഇന്നലെയും ജില്ലയിൽ മൂടിക്കെട്ടിയ അന്തരീക്ഷവും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോതിൽ മഴയുമുണ്ടായിരുന്നു. നിലവിൽ മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ടുണ്ട്. മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ജനുവരി 1 മുതൽ ഇന്നലെ വരെ സാധാരണ ലഭിക്കേണ്ട അളവിൽ മഴയുണ്ടായെങ്കിലും ജില്ലയിൽ രേഖപ്പെടുത്തുന്ന അൾട്രാവയലറ്റ് (യു.വി) വികിരണത്തിന്റെ തോതിൽ കാര്യമായ കുറവില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞദിവസം ജില്ലയിൽ 6 ആണ് അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അൾട്രാവയലറ്റ് സൂചിക ആറു മുതൽ ഏഴു വരെയുള്ള പ്രദേശങ്ങളാണ് യെല്ലോ അലർട്ടിന്റെ പരിധിയിൽ വരുന്നത്.
മഴയിലും കുറയാതെ യു.വി
വേനൽമഴ അന്തരീക്ഷത്തിലെ ചൂട് താത്കാലികമായി കുറയ്ക്കുമെങ്കിലും അൾട്രാവയലറ്റ് വികിരണങ്ങളെ തടയാൻ കഴിയുന്നില്ലെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. അധികനേരം ആകാശം നിറയെ മഴമേഘങ്ങൾ മൂടപ്പെട്ടാൽ വികിരണം കുറയും. എന്നാൽ ഇപ്പോൾ ഒറ്റപ്പെട്ടയിടങ്ങളിൽ കുറച്ച് സമയം മാത്രമാണ് മഴമേഘം മൂടുന്നതെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.