സർക്കാർ ഉറപ്പ് പാഴ്‌വാക്കായി,​ സിനിമാ മന്ത്രിക്കെതിരെ മത്സരിക്കാൻ സിനിമക്കാർ

Sunday 01 March 2026 1:13 AM IST

കൊച്ചി: സിനിമാ മേഖലയ്‌ക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനെതിരെ സ്ഥാനാർത്ഥിയെ നിറുത്താൻ സിനിമക്കാർ. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പിന്തുണയോടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സിനിമാവ്യവസായികൾ ചർച്ചകൾ ആരംഭിച്ചു.

മൂന്നുവർഷം മുമ്പ് സമർപ്പിച്ച നിവേദനങ്ങളിലെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണിത്. സിനിമയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനുമായി ജനുവരി 14ന് ഫിലിം ചേംബർ ചർച്ച നടത്തിയെങ്കിലും ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. ഇതിൽ പ്രതിഷേധം അറിയിക്കാനാണ് മന്ത്രിക്കെതിരെ മത്സരിക്കുന്നതെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫുയോക്കിന്റെ പ്രസിഡന്റ് കെ.വിജയകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.

തിയേറ്ററുടമകളുടെ സംഘടനയുടെ നിർദ്ദേശം ഫിലിം ചേംബർ ഭാരവാഹികളെയും അറിയിച്ചു. താരസംഘടനയായ 'അമ്മ', സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്‌ക' എന്നിവയുമായും ചർച്ച നടത്തും. പൊതുസ്വീകാര്യനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് ശ്രമം. പ്രതിസന്ധി നേരിടുന്ന സിനിമാ മേഖലയോടുള്ള സർക്കാർ സമീപനം ആശാവഹമല്ലെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

പ്രധാന ആവശ്യങ്ങൾ

വിനോദ നികുതി ഇളവ് ചെയ്യുക, ഇരട്ടനികുതി ഒഴിവാക്കുക, തിയേറ്ററുകൾക്ക് വൈദ്യുതി നിരക്ക് ഇളവ്, കെട്ടിട നികുതിയിൽ ഇളവ്, നിർമ്മാതാക്കൾക്ക് പ്രോത്സാഹനം, വ്യാജപ്പകർപ്പ് തടയാൻ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സിനിമ സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.