കോൺഗ്രസ് സ്ഥാനാർത്ഥി: ഡൽഹിയിൽ ഇന്ന് ചർച്ച

Sunday 01 March 2026 1:22 AM IST

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇന്ന് ഡൽഹിയിലെത്തും. പുതുയുഗ യാത്രയ്ക്ക് ഞായറാഴ്ച അവധിയായതിനാലാണ് ഇന്ന് ചർച്ച നിശ്ചയിച്ചത്. വിവിധ സർവേകളുടെ അടിസ്ഥാനത്തിലും ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്മാരുമായി നടത്തിയ ചർച്ചയെ തുടർന്നും തയ്യാറാക്കിയ സ്ഥാനാർത്ഥിപ്പട്ടികയാണ് സ്ക്രീനിംഗ് കമ്മിറ്റി പരിശോധിക്കുന്നത്.

സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാൻ നേരത്തെ ധാരണയായിട്ടുണ്ട്. സ്ക്രീനിംഗ് കമ്മിറ്റിയിലെ ചർച്ചയ്ക്കുശേഷം തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കേണ്ടത്. ആദ്യഘട്ട പ്രഖ്യാപനം ഇന്നോ നാളെയോ നടത്താനാണ് നേരത്തെ ധാരണയായിരുന്നതെങ്കിലും അല്പംകൂടി വൈകാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനമേ ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ എന്നതു കണക്കിലെടുത്താണിത്.

സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയാൽ അടുത്തദിവസം മുതൽ പ്രചാരണത്തിന് ഇറങ്ങേണ്ടിവരും. തിരഞ്ഞെടുപ്പിന് കൂടുതൽ ദിവസങ്ങളുണ്ടെങ്കിൽ ഒരേ ടെമ്പോ അവസാനംവരെ നിലനിറുത്തുക ശ്രമകരമാണ്. പ്രചാരണച്ചെലവും താങ്ങാവുന്നതിലപ്പുറമാവും. ഇതെല്ലാം കണക്കിലെടുത്ത് പുതുയുഗ യാത്രയുടെ സമാപനത്തിനുശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം മതിയെന്ന അഭിപ്രായം നേതാക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്. ഇന്നത്തെ ചർച്ചയ്ക്കു ശേഷമാവും അന്തിമ തീരുമാനമെടുക്കുക.

കെ.പി.സി.സി അദ്ധ്യക്ഷൻ

താത്കാലിക ചുമതല

സണ്ണിജോസഫ് പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധത കാട്ടിയസ്ഥിതിക്ക് കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല മറ്റാർക്കെങ്കിലും കൈമാറുന്ന കാര്യവും ഇന്ന് ചർച്ച ചെയ്തേക്കും. ചുമതല കൈമാറാതെ മത്സരിക്കാമെന്ന നിർദ്ദേശം നേരത്തെ വച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൈമാറാനാണ് സാദ്ധ്യത.

വർക്കിംഗ് പ്രസിഡന്റുമാർ മൂന്നുപേരുണ്ടെങ്കിലും മുതിർന്ന മറ്റേതെങ്കിലും നേതാവിന് ചുമതല നൽകണമെന്ന നിർദ്ദേശവും വന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ ബെന്നിബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്ക് സാദ്ധ്യത.