എന്തൊരു തോൽവി!
ബ്ളാസ്റ്റേഴ്സിന് മൂന്നാം തോൽവി: ഇന്റർകാശിക്ക് രണ്ടു ഗോൾ വിജയം
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ കാശി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി. സ്വന്തം തട്ടകത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നോറിസ് പെറ്റ്കേവിഷ്യസും ആൽഫ്രഡ് പ്ലാനസുമാണ് കാശിയുടെ സ്കോറർമാർ.
വിക്‌ടർ ലേ ബെർട്ടോമിയുവാണ് ബ്ളാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ നേടിയത്.
ആദ്യപകുതിയുടെ 34 ാം മിനിറ്റിലാണ് ഇന്റർ കാശി ആദ്യഗോൾ സ്വന്തമാക്കിയത്.ആൽഫ്രഡ് പ്ലാനസ് നൽകിയ പാസ് നോറിസ് പെറ്റ്കേവിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ 78 ാം മിനിറ്റിൽ കാശി ലീഡുയർത്തി.. വലത്തേ മൂലയിൽ നിന്ന് നോറിസ് പെറ്റ്കേവിഷ്യസ് ഗോൾവലയിലേയ്‌ക്ക് അടിച്ച പന്ത് ബ്ളാസ്റ്റേഴ്സ് താരം തട്ടി ഗോൾ കീപ്പർക്ക് നൽകാൻ ശ്രമിക്കുന്നതിനിടെ കുതിച്ചെത്തിയ ആൽഫ്രഡ് തട്ടി ഗോളാക്കി.
84 ാം മിനിറ്റിലാണ് ബ്ളാസ്റ്റേഴ്സിന്റെ ആശ്വസഗോൾ വന്നത്. ആൽഫ്രഡിന്റെ ഫൗളിൽ ലഭിച്ച ഫ്രീകിക്ക് എബിൻദാസ് നീട്ടിയടിച്ചു. ഗോൾ വലയ്ക്ക് സമീപം ലഭിച്ച പന്ത് വിക്‌ടർ ലേ ബെർട്ടേമിയോ തട്ടി ഗോളാക്കുകയായിരുന്നു.
ആദ്യ ഗോൾ വഴങ്ങിയ ശേഷം ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ് പലകുറി കാശി ഗോൾമുഖത്തേക്ക് ആക്രമിച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. കാശിയുടെ ഗോൾ കീപ്പർ ലൂയിസ് ടാരസ് കെവിഷ്യസിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
മത്സരത്തിന്റെ ആദ്യപകുതിയുടെ മുക്കാൽസമയവും വിരസമായിരുന്നു. പകുതിയിലേറെ സമയം പന്ത് കൈവശം വച്ചെങ്കിലും പാസുകൾ ഫലപ്രദമായി നൽകാനും ഗോളാക്കാനും ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
ബഗാന് മൂന്നാം ജയം
കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സ് 5-1ന് മുഹമ്മദൻ എസ്.സിയെ കീഴടക്കി തുടർച്ചയായ മൂന്നാം ജയം നേടി. ബഗാനാണ് പോയിന്റ് ടേബിളിൽ മുന്നിൽ.