വീണാ ജോർജിനെതിരായ ആക്രമണം: ഉപയോഗിച്ചത് ഏത് ആയുധമെന്ന് വ്യക്തമാക്കാൻ മന്ത്രിയുടെ മൊഴി ആവശ്യമെന്ന് പൊലീസ്
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ റെയിൽവെ പൊലീസ്. ഏത് തരത്തിലുള്ള ആയുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ മന്ത്രിയുടെ നേരിട്ടുള്ള മൊഴി ആവശ്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ കഴിയാത്തതെന്ന് റെയിൽവെ പൊലീസ് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിൽ അറസ്റ്റിലായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എംസി അതുൽ അടക്കമുള്ള അഞ്ച് പേർ നിലവിൽ റിമാൻഡിലാണ്. ഇവരുടെ ജാമ്യഹർജി പരിഗണിക്കവെയാണ് പൊലീസ് കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള പരിക്കുകൾ ഇല്ലാത്തതും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടും വധശ്രമക്കേസ് നിലനിൽക്കില്ലെന്നാണ് പൊലീസിനുള്ളിൽ നിന്നുതന്നെ ഉയരുന്ന ഭിന്നാഭിപ്രായം.
റെയിൽവെ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ കെഎസ്‌യു പ്രവർത്തകർ 'കൊല്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ട് ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് നേരെ ചാടിവീഴുകയായിരുന്നു. തടയാൻ ശ്രമിച്ച മന്ത്രിയുടെ അംഗരക്ഷകരെ ഇവർ മർദ്ദിച്ചതായാണ് പൊലീസ് റിപ്പോർട്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മന്ത്രിയെ തടഞ്ഞതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.