ദോഹയിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം; ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം

Sunday 01 March 2026 1:41 PM IST

ദുബായ്: കടുത്ത ആശങ്കയുയർത്തി ഗൾഫ് രാജ്യങ്ങളിൽ ആക്രമണം ശക്തമാക്കി ഇറാൻ. ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ വീണ് വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുണ്ട്. വ്യോമപ്രതിരോധത്തിന്റെ ഭാഗമായി ആകാശത്തുവച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങളാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇവിടെ ആർക്കെങ്കിലും ജീവഹാനി ഉണ്ടാവുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടില്ല.തീപിടിത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. മിസൈൽ ആക്രമണത്തിൽ ബഹ്റെയിനിലെ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചതായും വിവരമുണ്ട്.

ബഹ്റെയ്ൻ തലസ്ഥാനമായ മനാമയിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ ആകാശത്തുവച്ച് അവ തകർക്കുകയായിരുന്നു. രാജ്യത്ത് അമേരിക്കൻ സൈനിക താവളങ്ങളുടെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിനെത്തുടർന്നാണിത്. കഴിയുന്നതും വീടുകളിൽ തന്നെ തുടരാനാണ് ജനങ്ങളോട് അധികൃതർ പറയുന്നത്. ഇവിടത്തെ വിദ്യാലയങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബോർഡ് പരീക്ഷ നടക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

ദുബായിൽ ഡ്രോൺ അവശിഷ്ടം വീടുകൾക്കുമുകളിൽ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഇറാൻ അയച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് കെട്ടിടങ്ങൾക്കുമുകളിൽ പതിച്ചതെന്നാണ് റിപ്പോർട്ട്. ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കുനേരെയും ഇന്നലെ അർദ്ധരാത്രിയോടെ ആക്രമണമുണ്ടായി. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാൻ അയച്ച മിസൈലുകളിൽ ഭൂരിഭാഗത്തെയും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു എന്നാണ് യുഎഇ അവകാശപ്പെടുന്നത്.ഇവയുടെ അവശിഷ്ടങ്ങളാണ് ജനവാസ മേഖലയിലുൾപ്പെടെ തീപിടിത്തത്തിന് കാരണമാകുന്നത്.