ആലുവ മണ്ഡലം: യു.ഡി.എഫിൽ അൻവർ സാദത്ത്; മറ്റു മുന്നണികളിൽ 4 പേർ വീതം

Monday 02 March 2026 2:56 AM IST

ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവം. മുന്നണികളെല്ലാം പ്രാദേശിക നേതൃത്വത്തിൽ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. സിറ്റിംഗ് എം.എൽ.എ അൻവർ സാദത്ത് തന്നെയായിരിക്കും തുടർച്ചയായി നാലാംവട്ടവും യു.ഡി.എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ മൂന്നുവട്ടവും ഭൂരിപക്ഷം ഉയർത്തിയയാൾ എന്ന നിലയിൽ അൻവർ സാദത്തിന്റെ കാര്യത്തിൽ തർക്കമുണ്ടാകില്ല. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ജുൾമുത്തലിബിന്റെയും പേരുകൾ ഇടയ്‌ക്ക് ഉയർന്നെങ്കിലും മാറ്റത്തിന് സാദ്ധ്യതയില്ല. 2011ലെ കന്നിമത്സരത്തിൽ സിറ്റിംഗ് എം.എൽ.എ എ.എം.യൂസഫിനെ 13,214 വോട്ടിനാണ് സാദത്ത് പരാജയപ്പെടുത്തിയത്. 2016ൽ വി.സലീമിനെ 18,836 വോട്ടിനും 2021ൽ ഷെൽന നിഷാദിനെ 18,886 വോട്ടിനും പരാജയപ്പെടുത്തി.

2021ൽ ഇടത് അനുകൂലതരംഗത്തിലും ആലുവയിൽ അൻവർ സാദത്ത് ഭൂരിപക്ഷം വർദ്ധിപ്പിച്ചു.

സി.പി.എം പരിഗണനയിൽ 4 പേർ

സി.പി.എമ്മിൽ നാലുപേർ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരിക്കെ രണ്ടുവർഷം മുമ്പ് സി.പി.എമ്മിലെത്തിയ എ.കെ.നസീറിനാണ് മുൻഗണന. ഏരിയാ സെക്രട്ടറി എ.പി.ഉദയകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. നാസർ, ടി.വി. പ്രദീഷ് എന്നിവരുമുണ്ട്. ഉദയകുമാർ മുൻ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും പ്രദീഷ് മുൻ പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. ബാർ കൗൺസിൽ അംഗവും ലായേഴ്സ് യൂണിയൻ ജില്ലാ നേതാവുമാണ് നാസർ.

യു.ഡി.എഫ് കുത്തകയായിരുന്ന മണ്ഡലം 2006ൽ എ.എം.യൂസഫിലൂടെ എൽ.ഡി.എഫ് പിടിച്ചെങ്കിലും നിലനിറുത്താനായില്ല. ഏഴാം വട്ടം മത്സരത്തിനിറങ്ങിയ കെ. മുഹമ്മദാലിയെയാണ് അന്ന് യൂസഫ് പരാജയപ്പെടുത്തിയത്.

ബി.ജെ.പി പട്ടികയിൽ 4 പേർ

എൻ.ഡി.എ സ്ഥാനാർത്ഥി പട്ടികയിലും 4 പേരുണ്ട്. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ജനറൽ സെക്രട്ടറി ഭസിത് കുമാർ, ലായേഴ്‌സ് പരിഷത്ത് നേതാവും ബി.ജെ.പി തൃശൂർ ജില്ലാ പ്രഭാരിയുമായ അഡ്വ.എം.എ.വിനോദ്, ചെങ്ങമനാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ലതാ ഗംഗാദരൻ എന്നിവരാണിവർ. 2016ൽ ലത ഗംഗാധരൻ മത്സരിച്ചപ്പോൾ 19,341 വോട്ട് നേടിയിരുന്നു. ആലുവ മണ്ഡലത്തിലെ എക്കാലത്തെയും മികച്ച ബി.ജെ.പി സ്കോറാണിത്.

പൊതുസമ്മതനായ സ്ഥാനാർത്ഥിയെ പരിഗണിച്ചാൽ അട്ടിമറി വിജയം നേടാനാകുമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്ക് മണ്ഡലത്തിൽ 23,151 വോട്ട് ലഭിച്ചിരുന്നു - 14.90%.

2011ലെ വോട്ട് നില

അൻവർ സാദത്ത് 64244 (50.24%)

എ.എം. യൂസഫ് 51030 (39.91%)

എം.എൻ. ഗോപി 8264 (6.45%)

2016

അൻവർ സാദത്ത് 69568 (47.30%)

വി. സലീം 50733 (34.56%)

ലതാ ഗംഗാധരൻ 19349 (13.18%)

2021

അൻവർ സാദത്ത് 73703 (49%)

ഷെൽന നിഷാദ് 54817 (36.44%)

എം.എൻ. ഗോപി 15893 (10.57%)

2025 ത്രിതല തിരഞ്ഞെടുപ്പ് ആലുവ മണ്ഡലത്തിലെ വോട്ടിംഗ് നില

യു.ഡി.എഫ് - 71877 (46.26%)

എൽ.ഡി.എഫ് - 59566 (38.33%)

എൻ.ഡി.എ - 23151 (14.90%)