2595 കോടിയുടെ 'കേര' പദ്ധതിക്ക് ഇന്ന് തുടക്കം
ആലപ്പുഴ: കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യവർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ചേർത്തലയിൽ നടക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയിൽ 2595 കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായം ലഭിക്കും. കേരള കാർഷിക വികസന ഡയറക്ടറേറ്റ്, കേരള വ്യവസായ വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കേരള കാർഷിക സർവകലാശാല, കേരള ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയും ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ളിയു.ആർ.ഡി.എം തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു വർഷം കൊണ്ട് നാലു ലക്ഷത്തോളം കർഷകർ നേരിട്ടും പത്തു ലക്ഷത്തോളം പരോക്ഷമായും ഗുണഭോക്താക്കളാവും. റബ്ബർ, ഏലം കർഷകർക്കുള്ള പുനർനടൽ ധനസഹായ വിതരണം, ഉത്പാദക വിപണന കരാർ ഒപ്പുവയ്ക്കൽ, വെബ് പോർട്ടൽ പ്രകാശനം തുടങ്ങിയവയും നടക്കും. വി.ടി.എ.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും.
കർഷകരുടെ ഡാറ്റ ദുരുപയോഗം ചെയ്യരുത് : മന്ത്രി പി.പ്രസാദ്
ആലപ്പുഴ: പ്രധാനമന്ത്രി കിസാൻ പദ്ധതി ആനുകൂല്യം പറ്റുന്ന കർഷകരുടെ ഡാറ്റ രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പി.പ്രസാദ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയകക്ഷികൾ ഡാറ്റകൾ എടുത്ത് ഉപയോഗിക്കുന്നതും ഫോൺവിളിച്ച് വിവരങ്ങൾ തേടുന്നതും കേന്ദ്രമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. ഇങ്ങനെ കടന്നുകയറാൻ രാഷ്ട്രീയപാർട്ടിക്ക് അവകാശമില്ല. വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണത്. സർക്കാരിന്റെ ഭാഗമായി പ്രധാനമന്ത്രി ഫോണിലേക്ക് സന്ദേശം അയച്ചാൽ അത് മനസ്സിലാകും. അതിനപ്പുറം രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.