നമ്മുടെ കണ്ടെത്തലുകൾ ലോകം സ്വീകരിക്കുന്ന കാലമുണ്ടാകണം: സി.പി. രാധാകൃഷ്ണൻ
കൊല്ലം: നമ്മുടെ കണ്ടെത്തലുകളും സാങ്കേതിക വിദ്യകളും ലോകം സ്വകീരിക്കുന്ന കാലം സൃഷ്ടിക്കണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം വ്യക്തിപരമായ വിജയങ്ങൾക്ക് വേണ്ടിയുള്ളതാകരുത്. പകരം സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാനുള്ളതാകണം.സാങ്കേതികവിദ്യയുടെ വികാസത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് വിദ്യാഭ്യാസം പാഠപുസ്തകങ്ങൾക്കും അപ്പുറമാണ്. വിമർശനാത്മക ചിന്തയും സഹാനുഭൂതിയും ദേശസ്നേഹവും വിതയ്ക്കുന്നതായി വിദ്യാഭ്യാസം മാറണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യഥാർത്ഥ കരുത്ത് അതിന്റെ കെട്ടിടങ്ങളിലല്ല. സ്ഥാപനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലാണ്. പുതിയ തലമുറയെ കാർന്നുതിന്നാൻ ശ്രമിക്കുന്ന ലഹരിപദാർത്ഥങ്ങളോട് നോ പറയണം. ഒരു കുട്ടിയും ലഹരിവസ്തുക്കൾക്ക് കീഴ്പ്പെടില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം. ലഹരിക്കെതിരായ ജനകീയ മുന്നേറ്റം ഉണ്ടാകണം.
രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ൽ ഭാരതത്തെ ലോകത്തെ നമ്പർ വൺ രാജ്യമാക്കാൻ വികസിത് ഭാരത് എന്ന ലക്ഷ്യത്തോടെയുള്ള പരിശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. ദാരിദ്ര്യമില്ലാത്ത, എല്ലാവർക്കും വീടുള്ള, വിദ്യാഭ്യാസമുള്ള, ആരോഗ്യപരിചരണം ലഭിക്കുന്ന, സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും മുന്നേറ്റമുണ്ടാകുമ്പോഴേ വികസനം സമ്പൂർണമായി യാഥാർത്ഥ്യമാകൂ. ആരും ഒഴിവാക്കപ്പെടാൻ പാടില്ല. എല്ലാവരെയും ചേർത്തുപിടിക്കണം. രാജ്യത്തിന്റെ പ്രൗഢമായ സംസ്കാരത്തിൽ അധിഷ്ഠിതമായ സുസ്ഥിര വികസനമാണ് വേണ്ടത്.
ജനങ്ങൾക്ക് ആവശ്യമായത് എല്ലാം സർക്കാരുകൾക്ക് മാത്രം ചെയ്യാൻ കഴിയില്ല. ഉത്തരവാദിത്വമുള്ള ജനങ്ങളും സമൂഹ്യനേതാക്കളും മതപുരോഹിതരുമടക്കം കൂട്ടായി പരിശ്രമിക്കണം. കേരളം രാജ്യത്ത് ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറിയത് ശ്രീനാരായണഗുരുദേവൻ, ക്രൈസ്തവ മിഷണറിമാർ, എൻ.എസ്.എസ് അടക്കമുള്ളവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ശതാബ്ദി നവീകരണത്തിന്റെ ഘട്ടം കൂടിയാണ്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ പതിനായിരക്കണക്കിന് പ്രതിഭകളെ സൃഷ്ടിച്ചു. സ്കൂളിന്റെ പ്രൗഢമായ ചരിത്രം ഭാവിയിൽ ശക്തമായ മുന്നേറ്റത്തിന് കരുത്താകട്ടെയെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ക്യാമ്പസിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിച്ചു.
ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ അദ്ധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേശ്കുമാർ, കെ.യു. ജനീഷ് കുമാർ എം.എൽ.എ, കൊല്ലം രൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഡയനീഷ്യസ്, മൗണ്ട് താബോർ ദയറാ സെക്രട്ടറി ഫാദർ ഫിലിപ്പ് മാത്യു, മൗണ്ട് താബോർ ദയറാ സുപ്പീരിയർ ഫാദർ യൗനാൻ ശാമുവേൽ റമ്പാൻ തുടങ്ങിയവർ സംസാരിച്ചു.
സംഗീതം ആശങ്കയെ നീക്കുന്ന ഔഷധം: ഉപരാഷ്ട്രപതി
തൃശൂർ: ആശങ്കകളെ നീക്കുകയും വികാരങ്ങളെ സന്തുലിതമാക്കുകയും ചെയ്യുന്ന സംഗീതം ഔഷധമാണെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. തൃശൂർ ദേവമാതാ പ്രൊവിൻസിന്റെയും കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയുടെയും കീഴിൽ തുടങ്ങുന്ന ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഭാരതത്തിന് ആയിരക്കണക്കിന് വർഷത്തെ സംഗീത പാരമ്പര്യമുണ്ട്. വേദങ്ങളിലെ ശ്ലോകങ്ങൾ മുതൽ സന്യാസിമാരുടെ പ്രാർത്ഥനവരെ വെളിവാക്കുന്നത് പ്രാചീന സംസ്കാരത്തിലെ സംഗീതമെന്ന ആത്മാവിനെയാണ്. സാമവേദത്തിലെ പവിത്രമായ മന്ത്രങ്ങൾ സംഗീതത്തിന്റെ ആദ്യകാല അനുഭവങ്ങളാണ്. ചോളരാജാക്കൻമാരുടെ പാരമ്പര്യവും തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രവും പറയുന്നത് ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ആഴമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി ആർ.ബിന്ദു, മേയർ നിജി ജസ്റ്റിൻ, സ്വാമി നന്ദാത്മജാനന്ദ, ഫാ. ജാസ് നന്തിക്കര, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ചേതന ഗാനാശ്രമം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ.പോൾ പൂവത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഗായകൻ കെ.ജെ.യേശുദാസിന്റെ വീഡിയോ സന്ദേശവും ഉണ്ടായിരുന്നു.